വയനാട് ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം :
ആപത് മിത്ര വളണ്ടിയർ
അരുൺ നമ്പ്യാട്ടിലിന് ആദരവ്
സ്വന്തം ലേഖകൻ
ഉള്ള്യേരി : വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കടുത്ത് തിരിച്ചെത്തിയ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിനെ ആർ. ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ വീട്ടിലെത്തി ആദരിച്ചു.
ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.അജിത, മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ,
ആർ ജെ.ഡി നേതാക്കളായ ഉള്ള്യേരി ദിവാകരൻ, ടി.കെ.കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, ശശി തയ്യുള്ളതിൽ, സി.പി.എം മുണ്ടോത്ത് ലോക്കൽ സെക്രട്ടറി വിജയൻ മുണ്ടോത്ത് എന്നിവർ പങ്കെടുത്തു.
ആപത് മിത്ര വളണ്ടിയറാണ് അരുൺ. ദുരന്ത സമയങ്ങളിൽ അഗ്നിരക്ഷാ സേനാംഗങ്ങളെ സഹായിക്കുകയാണ് ആപത് മിത്ര വളണ്ടിയർമാരുടെ ദൗത്യം. ആദ്യ ബാച്ചിൽ 28 പേരടങ്ങുന്ന സംഘമായിരുന്നു വയനാട്ടിലേക്ക് പോയത്. തുടർന്ന് കൂടുതൽ സംഘങ്ങൾ വയനാട്ടിലെത്തി. കൽപ്പറ്റ ഫയർ സ്റ്റേഷനടുത്തുള്ള എൻ എസ് എസ് സ്കൂളിലായിരുന്നു താമസം. താമസിച്ചിരുന്ന സ്കൂളിലേക്കും ദുരന്ത ഭൂമിയിലേക്കും ആരെല്ലാമോ ഭക്ഷണവുമായെത്തും. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ പരസ്പരം മനുഷ്യർ താങ്ങായി മാറുന്ന കാഴ്ചയാണ് ചുറ്റിലുണ്ടായിരുന്നതെന്നും അരുൺ പറയുന്നു.