കനാൽ വെള്ളമില്ല; കണ്ണിപ്പൊയിലിൽ കിണറുകൾ വറ്റുന്നു
കനാൽ വെള്ളമില്ല; കണ്ണിപ്പൊയിലിൽ കിണറുകൾ വറ്റുന്നു
Atholi News29 Apr5 min

കനാൽ വെള്ളമില്ല; കണ്ണിപ്പൊയിലിൽ കിണറുകൾ വറ്റുന്നു




റിപ്പോർട്ട്‌ : സുനിൽ കൊളക്കാട് 



അത്തോളി: കനാൽ പൈപ്പ് അടഞ്ഞതിനെ തുടർന്ന് കനാൽ വെള്ളം നിലച്ചതോടെ കണ്ണിപ്പൊയിൽ പ്രദേശത്ത് വരൾച്ച അതിരൂക്ഷമാകുന്നു. കനാൽ വെള്ളത്തെ ആശ്രയിച്ചു വരുന്ന 300 കുടുംബങ്ങളിലെ കിണറുകളാണ് വറ്റാൻ തുടങ്ങിയത്. തോടും കുളങ്ങളും വരെ വറ്റിക്കഴിഞ്ഞു. വേനൽ കനത്തത്തോടെ ഈ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമവും അതി രൂക്ഷമായിരിക്കുകയാണ്. കുറ്റിയാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കൊടിച്ചിപ്പാറ കനാലിന്റെ കണ്ണിപ്പൊയിൽ കൈക്കനാലിലാണ് പൈപ്പ് അടഞ്ഞത് മൂലം ജലവിതരണം നിലച്ചത്. എല്ലാവർഷവും വെള്ളം ലഭിച്ചിരുന്ന ഈ കനാലിലൂടെയുള്ള ജലവിതരണം നിലച്ചതോടെയാണ് പ്രദേശത്തെ കിണറുകളെല്ലാം വറ്റാൻ തുടങ്ങിയത്. പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളിലൂടെ കടന്നുപോകുന്ന കൈക്കനാലാണിത്. news image

45 വർഷത്തിലേറെ പഴക്കമുള്ള കനാലാണിത്. അത്രയും പഴക്കമുള്ള പൈപ്പുകൾ കേടായതാണ് ജലവിതരണം തടസ്സപ്പെടാൻ കാരണം. 125 മീറ്റർ ദൈർഘ്യമുള്ള പൈപ്പ് ലൈൻ മാറ്റണമെന്ന് ആവശ്യത്തിനും ഏറെ പഴക്കമുണ്ട്. ഇതിനാവശ്യമായ എസ്റ്റിമേറ്റ് എടുത്ത് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുമതിയായിട്ടില്ല. പൈപ്പിനകത്തെ തടസ്സം നീക്കം ചെയ്തെങ്കിൽ മാത്രമേ വെള്ളം കണ്ണിപ്പൊയിലിലേക്ക് ഒഴുകുകയുള്ളൂ. ഇതിനുവേണ്ടി നാട്ടുകാരും ഇറിഗേഷൻ വകുപ്പും അഗ്നിശമന യൂണിറ്റും പലതവണ പരിശ്രമിച്ചിട്ടും പൈപ്പിനകത്തെ തടസ്സം നീക്കാൻ ആയിട്ടില്ലെന്ന് പഞ്ചായത്ത് അംഗമായ സുനീഷ് നടുവിലയിൽ പറഞ്ഞു. തടസ്സമുള്ള പൈപ്പുകൾ അടിയന്തരമായി മാറ്റി വെള്ളം ഒഴുകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ആവശ്യപ്പെട്ടു.

Recent News