ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് തട്ടിപ്പ് : ഓട്ടോ ഡ്രൈവർ പിടിയിൽ  സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് പറഞ്ഞ
ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് തട്ടിപ്പ് : ഓട്ടോ ഡ്രൈവർ പിടിയിൽ സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് പറഞ്ഞ് സാധനങ്ങൾ വാങ്ങുന്നതാണ് രീതി
Atholi NewsInvalid Date5 min

ഗൂഗിൾ പേ സ്ക്രീൻ ഷോട്ട് തട്ടിപ്പ് : ഓട്ടോ ഡ്രൈവർ പിടിയിൽ


സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് പറഞ്ഞ് സാധനങ്ങൾ വാങ്ങുന്നതാണ് രീതി 




കോഴിക്കോട് :നിരവധിവ്യാപാര സ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന ഓട്ടോഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.


തിരുനാവായ സ്വദേശിയും ഇപ്പോൾ കടലുണ്ടി ആനങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു(30)എന്ന ഓസി വിഷ്ണുവിനെയാണ് ഡി സി പി അരുൺ കെ പവിത്രൻ്റെ നേതൃത്വത്തിലുള്ള സിറ്റിക്രൈം സ്ക്വാഡും അസി. പോലീസ് കമ്മീഷണർ ഉമേഷിൻ്റെ നേതൃത്വത്തിൽ മാവൂർ ഇൻസ്പെക്ടർ ആർ ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

വിവിധ സ്റ്റേഷനുകളിൽ നിരവധി പരാതികൾ ഉയർന്നതോടെയാണ് പോലീസിൻ്റെ ശ്രദ്ധയിൽപെട്ടത്.

അതോടെ സിറ്റി ക്രൈം സ്ക്വാഡ് ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു.

പണം നഷ്ടപ്പെട്ടവർ ചെറിയ സംഖ്യകൾ ആയതിനാൽ പരാതി നൽകാൻ മടിക്കുന്നത് പ്രതിക്ക് സ്ഥിരമായി കുറ്റകൃത്യം ചെയ്യാൻ പ്രേരണയായി. ചിലർ ഓട്ടോയുടെ നമ്പർ കണ്ടെത്തി ഇയാളിലെത്തിയാൽ ഇയാൾ മാപ്പ് പറഞ്ഞ് പണം നൽകി തടിതപ്പും.

നഗരത്തിൽ ഓട്ടോ ഓടിക്കുന്ന ഇയാൾ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയുമായി കഴിഞ്ഞുവരികയാണ്.നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിന്ന് ഇരായായിട്ടുള്ളത്.

ഗൂഗ്ൾ പേയിൽ അനൗൺസ് ചെയ്യുന്ന മെഷീൻ ഇല്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങൾ തിരഞ്ഞു പിടിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.മാവൂർ സ്റ്റേഷൻ പരിധിയിൽ ഇയാൾ ഒരു ഇലക്ട്രിക്കൽ ആൻറ് ഹോം അപ്ലയൻസസ് ഷോപ്പിൽ നിന്നും രണ്ട് ഫാൻ വാങ്ങി നാലായിരം രൂപ കബളിപ്പിച്ച കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.ചെറിയ സംഖ്യക്ക് സാധനങ്ങൾ വാങ്ങി ഗൂഗിൾപേ ചെയ്ത് അത് സ്ക്രീൻ ഷോട്ട് എടുത്ത് സംഖ്യ എഡിറ്റ് ചെയ്ത് കൂടുതൽ തുക രേഖപ്പെടുത്തിയും,

അത് സുഹൃത്തുകൾക്ക് അയച്ചുകൊടുത്ത് തന്റെ ഗൂഗ്ൾപേ തകരാറിലാണ് എന്നോ മറ്റോ വ്യാപാരിയോട് പറഞ്ഞ് തൽകാലം സുഹൃത്തിനെക്കൊണ്ട് പണം അയപ്പിക്കാം എന്ന് പറഞ്ഞ് താൻ സുഹൃത്തിന് അങ്ങോട്ട് അയച്ച സ്ക്രീൻ ഷോട്ട് തന്നെ സുഹൃത്തിനോട് തിരിച്ചയപ്പിച്ചത് വ്യാപാരിയെ കാണിച്ച് തട്ടിപ്പ് നടത്തുന്നതും ഇയാളുടെ രീതിയാണ്.

ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപാരികളും,മറ്റു ചെറുകിട കച്ചവടക്കാരും ജാഗ്രത പുലർത്തണമെന്ന് മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷ് അറിയിച്ചു.

അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്,ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ, രകേഷ് ചൈതന്യം , മാവൂർ സ്റ്റേഷനിലെ അജീഷ് താമരശ്ശേരി,

വിപിൻലാൽ,ഷറഫലി വനിതാ സി പി ഒ ബനിഷ വെള്ളന്നൂർ എന്നിവരുമുണ്ടായിരുന്നു.

Recent News