കൃത്രിമബുദ്ധിയുടെ സാങ്കേതികത്വം ഉൾകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനം
യു എൽ സി സി എസ് കൊണ്ടു വരും : ചെയർമാൻ രമേശൻ പാലേരി
എസ് എസ് എൽ സി, പ്ലസ് ടു മികവിന്
യു എൽ സി സി എസിൻ്റെ ആദരം
വടകര :കൃത്രിമബുദ്ധിവരെ എത്തിനില്ക്കുന്ന ഇക്കാലത്തും ഭാവിയിലും ജീവിക്കാൻ പാകത്തിൽ എൽകെജി മുതൽ തന്നെ കുട്ടികളെ വളർത്തിയെടുക്കുന്നതരം വിദ്യാഭ്യാസപ്രവർത്തനം ആവിഷ്ക്കരിക്കാൻ സൊസൈറ്റി പദ്ധതി തയ്യാറാക്കിവരികയാണെന്ന് ചെയർമാൻ
രമേശൻ പാലേരി.
സൊസൈറ്റിയിലെ ജീവനക്കാരുടയും തൊഴിലാളികളുടെയും മക്കളിൽ
എസ്എസ്എൽസി, പ്ലസ് ടു മികവിന് യുഎൽസിസിഎസിന്റെ ഉപഹാരവും കുടുംബസഹായങ്ങളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിനു സൊസൈറ്റി വലിയ പ്രാധാന്യമാണു നൽകുന്നത്, അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൂട്ടാൻ തീരുമാനിച്ച മുട്ടുങ്ങൽ എൽപി സ്കൂൾ ഏറ്റെടുത്ത് സ്വന്തം കെട്ടിടം നിർമ്മിച്ചു പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിച്ചതെന്നും രമേശൻ പാലേരി കൂട്ടിച്ചേർത്തു.
എസ്എസ്എൽസിക്കു മികച്ച വിജയം നേടിയ 65-ഉം പ്ലസ് ടുവിനു മികച്ച വിജയം നേടിയ 33-ഉം വിദ്യാർത്ഥികൾക്കു പുരസ്ക്കാരം നൽകി.
എസ്എസ്എൽസിക്ക് മുഴുവൻ വിഷയത്തിനും
എ പ്ലസ് നേടിയ 45 പേർ ഒന്നാം റാങ്കുകാരായി.
11 പേർ രണ്ടാം റാങ്കിനും
9 പേർ മൂന്നാം റാങ്കിനും അർഹരായി. പ്ലസ് ടുവിന് മുഴുവൻ വിഷയത്തിനും
എ പ്ലസ് നേടിയ 16 പേർ ഒന്നാം റാങ്കും 9 പേർ രണ്ടാം റാങ്കും 8 പേർ മൂന്നാം റാങ്കും നേടി. 14,20,000 രൂപയാണ് ആകെ സമ്മാനത്തുക.
ഇതോടൊപ്പം റോഡപകടങ്ങളിലും
മറ്റും മരിച്ച രാജേഷ്, രാജു, രാകേഷ് എന്നിവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെയുള്ള ഇൻഷ്വറൻസ് തുകയും ചടങ്ങിൽ കൈമാറി. ഇതിൽ രണ്ടുപേരുടെ നഷ്ടപരിഹാരം കുടുംബങ്ങളുടെ താൽപര്യപ്രകാരം മക്കളുടെ പേരിൽ സ്ഥിരനിക്ഷേപമാക്കി. സത്യചന്ദ്രൻ സർദാർ എന്ന തൊഴിലാളിയുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരം അമ്മയുടെ അക്കൗണ്ടിലും നിക്ഷേപിച്ചു നൽകി.
എംബിബിഎസ് പാസായ റോഷിൻ രാജ്, അഥീന എന്നിവരെയും എംജി സർവ്വകലാശാലയിൽനിന്ന് ബി.വോക് പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ച എസ്. ആർ. നക്ഷത്രയെയും ചടങ്ങിൽ ആദരിച്ചു.
എസ്എസ്എൽസി,
പ്ലസ് ടൂ വിജയികൾക്ക് ഗ്രേഡുകളുടെ അടിസ്ഥാനത്തിൽ മൂന്നു റാങ്കുകൾ നിശ്ചയിച്ചാണു സമ്മാനം നൽകിയത്. ഒന്നാം റാങ്കിനു 15,000 രൂപയും രണ്ടാം റാങ്കിന് 10,000 രൂപയും മൂന്നാം റാങ്കിന് 8,000 രൂപയും സർട്ടിഫിക്കറ്റും മെമൊൻ്റോയും ഇതിനുപുറമെ, യഥാക്രമം 2000, 1500, 1000 രൂപവീതം സൊസൈറ്റിയംഗങ്ങളുടെ കൾച്ചറൽ സെന്ററിന്റെ സമ്മാനവും ഉണ്ടായിരുന്നു. ആകെ 14,20,000 രൂപയാണ് സമ്മാനമായി വിതരണം ചെയ്തത്.
സൊസൈറ്റിയുടെ മുതിർന്ന ഡയറക്ടർ വി.കെ. അനന്തൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്റ്റർമാരായ പി. പ്രകാശൻ, പി.കെ. സുരേഷ് ബാബു, ലുഭിന ടി, എച്ച് ആർ കോർപ്പറേറ്റ് ഹെഡ് കെ. ഹരീന്ദ്രൻ, യുഎൽ റിസേർച്ച് ഡയറക്ടർ
ഡോ. സന്ദേശ്, സി.ജി.എം. റോഹൻ പ്രഭാകർ,
ജിഎം റോഡ്സ് ഷൈനു പി, ജി.എം ബിൽഡിങ്സ് റ്റി.പി. രാജീവൻ, യുണൈറ്റഡ് ഇൻഡ്യ ഇൻഷ്വറൻസ് വടകര ബ്രാഞ്ച് മാനേജർ ഋത്വിക് രാധൻ, ജിഎം അഡ്മിൻ കെ.പി. ഷാബു, ജിഎം ഫിനാൻസ്
കെ. പ്രവീൺ കുമാർ എന്നിവരും സംസാരിച്ചു.
ഫോട്ടോ : 1-
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടിയവർക്കു സൊസൈറ്റിയുടെ പുരസ്ക്കാരം സമ്മാനിച്ച ചടങ്ങ് ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയം നേടി സൊസൈറ്റിയുടെ പുരസ്ക്കാരം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ച പ്രമുഖർക്കൊപ്പം.