അഭിഭാഷകനും എൽ എൽ ബി വിദ്യാർത്ഥിയ്ക്കും കൈയ്യാമം വെച്ച സംഭവം : കൊയിലാണ്ടി എസ്. ഐ. ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കോഴിക്കോട് : മലബാറിലെ പ്ലസ് വൺ സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധിച്ച അഭിഭാഷകനെയും എൽ.എൽ.ബി. പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയെയും കൊയിലാണ്ടി എസ്.ഐ.കൈയ്യാമം വച്ച് പൊതുജനങ്ങൾക്കിടയിലൂടെ നടത്തി അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജൂൺ 25 ന് ഉച്ചക്കാണ് സംഭവം. വിദ്യാർത്ഥിയായ ഫസ്വീഹ് മുഹമ്മദ് കാഴ്ച പരിമിതനാണെന്ന് പോലീസുകാരനോട് പറഞ്ഞപ്പോൾ തങ്ങളെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങ് അണിയിച്ചതായി അഡ്വ. ടി.ടി. മുഹമ്മദ് അഫ്രീൻ നൂഹ്മാൻ പരാതിയിൽ പറഞ്ഞു. ഹസ്വിന് തലക്കറക്കമുണ്ടായെങ്കിലും ചികിത്സ നിഷേധിച്ചു. കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുകയും കൊടും കുറ്റവാളികളെപ്പോലെ വിലങ്ങണിയിച്ച് റോഡിലൂടെ നടത്തുകയും ചെയ്തു.
കൊയിലാണ്ടി എസ്. ഐ. അനീഷാണ് കൈവിലങ്ങ് അണിയിച്ചതെന്ന് പരാതിയിൽ പറയുന്നു.