യു കെ ജി യിൽ നിന്നും കെപിഎസിയിലേക്ക്; റിയോനക്ക് നാടകമാണ് ജീവിതം
SUNDAY WINDOW
സുനിൽ കൊളക്കാട്
ഇത്താത്ത അഭിനയിക്കുന്ന നാടകത്തിൽ കാണിയായി ചെന്നതായിരുന്നു ഉമ്മയോടൊപ്പം റിയോനയും. നാടകം തുടങ്ങാറായപ്പോൾ സംവിധായകനായ മനോജ് നാരായണൻ ചോദിച്ചു: "മോളും ഇതിനകത്ത് ഗാനരംഗത്തിൽ അഭിനയിക്കുന്നോ?" നാടക ക്യാമ്പുകളിൽ പതിവായി ഇത്താത്തക്കൊപ്പം കൂടെ പോയ ഓർമ്മയും അനുഭവം വെച്ച് റിയോന തലകുലുക്കി. അങ്ങനെ ആ നാടകത്തിലെ പാട്ട് രംഗത്തിൽ ആദ്യമായി റിയോന റിഹേഴ്സലില്ലാതെ അഭിനയിച്ചു".
അതല്ല രസം, പാട്ട് രംഗം കഴിഞ്ഞാൽ അഭിനേതാക്കൾ വേദിയുടെ വശങ്ങളിലേക്ക് മാറുന്നതിനു പകരം ഞാൻ നേരിട്ട് ആൾക്കൂട്ടത്തിലേക്ക് നടന്നു പോയി. പാട്ടിൽ ഒരു മുത്തശ്ശിയെ തേടുന്ന വരികൾ ആയിരുന്നു. കാണികളിൽ പലരും വിചാരിച്ചു ഞാൻ മുത്തശ്ശിയേയും തേടി കാണികൾക്കിടയിലേക്ക് വരികയാണെന്നും അത് തികച്ചും കാല്പനികമാണെന്നും പലരും പറഞ്ഞു”. സത്യത്തിൽ ഇതൊന്നും അറിയാതെ സദസിലിരിക്കുന്ന ഉമ്മയുടെ അടുത്തേക്ക് നടന്നു വരികയായിരുന്നു ഞാൻ ചെയ്തത്. ആദ്യ നാടകത്തിലെ രസകരമായ അനുഭവം പങ്കുവെക്കുന്നത് അല്ലു എന്നു വീട്ടിൽ വിളിക്കുന്ന റിയോന എന്ന അത്തോളിക്കാരിയാണ്. കഴിഞ്ഞവർഷത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ച നാടകമായ കുമരൂവിലെ മൂന്നു കഥാപാത്രങ്ങളെ മാറിമാറി വേഷമിട്ട റിയോനക്ക് നാടകം ജീവൻ തന്നെയാണ്.
പ്രശസ്ത സംവിധായകൻ മനോജ് നാരായണനും നാടകകൃത്ത് അബൂബക്കർ മാസ്റ്ററും ചേർന്ന് പൂക്കാട് കലാലയത്തിന്റെ കീഴിൽ ആരംഭിച്ച ചിൽഡ്രൻസ് തിയറ്ററിൻ്റെ ആരംഭ കാലം തൊട്ട് നാടക കളരികളിലും നാടകങ്ങളിലും സാന്നിധ്യം അറിയിച്ചു കൊണ്ടാണ് റിയോന നാടക രംഗത്തേക്ക് പ്രവേശിച്ചത്.
പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിന്റെ അബൂബക്കർ മാസ്റ്റർ രചിച്ച മനോജ് നാരായണൻ സംവിധാനം ചെയ്ത മലയാള കവിതയുടെ ചരിത്രം പറയുന്ന കാവ്യ കൈരളി എന്ന നാടകത്തിൽ കായംകുളം കെപിഎസി യുടെ അരങ്ങിലാണ് നാടകാഭിനയത്തിൽ യുകെജിയിൽ പഠിക്കുമ്പോൾ അരങ്ങേറ്റം കുറിച്ചത്. കെപിഎസിയുടെ അരങ്ങിൽ നാടക ജീവിതം ആരംഭിച്ചത് ഒരു മഹാഭാഗ്യമായിട്ടാണ് റിയോന കരുതുന്നത്.
തുടർന്ന് വേളൂർ ജി.എം.യു. പി സ്കൂളിൽ പഠനം തുടർന്നപ്പോൾ വ്യത്യസ്ത കലാ പ്രകടനങ്ങളോടൊപ്പം തന്നെ സ്കൂൾ കലാമേളകളിലെ നാടകങ്ങളിലും സർഗാത്മകത തെളിയിച്ചു. ഒരേസമയം പൂക്കാട് ചിൽഡ്രൻസ് തിയറ്റർ നാടകങ്ങളിലും സ്കൂൾ കലാമേളകളിലെ നാടകങ്ങളിലും കഥാപ്രസംഗത്തിലും, പ്രസംഗമത്സരത്തിലും ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
കഴിഞ്ഞവർഷം സ്റ്റേറ്റ് തല ഹയർസെക്കൻഡറി നാടക മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പി എസ് നിവേദ് സംവിധാനം ചെയ്ത കുമരൂ എന്ന നാടകത്തിൽ മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ മികച്ച അഭിനയത്തിന് കാണികളുടെ പ്രശംസ പിടിച്ചു പറ്റി. കോക്കല്ലൂർ ഹൈസ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർഥിനിയായ റിയോന ഇത്തവണയും സ്കൂൾ കലോത്സവത്തിലെ നാടകത്തിനൊരുങ്ങുകയാണ്. തൃശൂർ നിഖിൽ നിക്കോളാസിൻ്റെ നാടകത്തിലാണ് കോക്കല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ ടീം മത്സരത്തിന് പോകുന്നത്. പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്ററിൻ്റെ
മനോജ് നാരായണൻ സംവിധാനം ചെയ്ത
ഹേയ് അജസുന്ദരി, നിശബ്ദ വസന്തം, ഈ കിളിമരച്ചോട്ടിൽ, ടോട്ടോചാൻ, കിട്ടപുരാണം, വിശപ്പ് (തെരുവ് നാടകം), കളികഥവണ്ടി എന്നിവയിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഷനിത്ത് മാധവിക സംവിധാനം നിർവഹിച്ച സ്കൂൾ നാടകമായ ബ്ലൂ അമ്പ്രലയിലും
വ്യത്യസ്ത റോളുകളിൽ അഭിനയിച്ചു സമ്മാനങ്ങൾ നേടിയിരുന്നു.
ഈ വർഷത്തെ സ്കൂൾ കലാമേളയിൽ നാടകത്തിൽ മാത്രമല്ല കഥാപ്രസംഗത്തിനും നാടൻ പാട്ടിനും പ്രസംഗത്തിനും നാടകത്തോടൊപ്പം തന്നെ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ് റിയോന.
അധ്യാപികയും നർത്തകിയും പൂക്കാട് ചിൽഡ്രൻസ് തിയറ്ററിൻ്റെ പിന്നണി പ്രവർത്തകയുമായ ഖമർബാന്റെയും അത്തോളിയിലെ സാമൂഹ്യ സാംസ്കാരിക നാടക പ്രവർത്തകനുമായ അഷറഫ് ചീടത്തിലിൻ്റെയും ഇളയ മകളാണ് റിയോന.