അത്തോളി അമ്പാടിയായി ;ശോഭായാത്രയിൽ തിളങ്ങി ഉണ്ണി കണ്ണന്മാരും ഗോപികമാരും
ആവണി എ എസ്
അത്തോളി : ഓടക്കുഴൽ കയ്യിൽ മുറുകെ പിടിച്ച്
ഉണ്ണിക്കണ്ണന്മാർ , താളത്തിൽ നൃത്തം ചെയ്ത് ഗോപികമാർ , കൃഷ്ണാവതാരം ഓർമ്മപ്പെടുത്തി വാഹനങ്ങളിൽ ഒരുക്കിയ വിവിധ പ്ലോട്ടുകൾ .
ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി അത്തോളിയെ അമ്പാടിയാക്കിയ ശോഭായാത്ര കാണാൻ റോഡിന് ഇരുവശവും നൂറു കണക്കിന് ആളുകൾ ഒഴുകിയെത്തി.
ബാലഗോകുലം അത്തോളി ടൗൺ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ശോഭയാത്ര, അത്തോളി കണ്ഠം പറമ്പത്ത് ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്താണി മാണിക്കോത്ത് ക്ഷേത്രത്തിൽ സമാപിച്ചു.
മുൻനിരയിൽ കൃഷ്ണനും ഗോപികമാരും പിന്നാലെ ഊഞ്ഞാലിൽ ആടുന്ന കൃഷ്ണനും രാധയും. തുടർന്ന് ഗോവർദ്ധനത്തെ ചെറുവിരലിൽ താങ്ങി നിർത്തുന്ന ഉണ്ണിക്കണ്ണന്മാർ , വൃന്ദാവനത്തിലെ ഉണ്ണി കണ്ണൻ , ഏറ്റവും ഒടുവിലായി കുതിര പുറത്തിരിക്കുന്ന ഉണ്ണിക്കണ്ണൻ എന്നിവയായിരുന്നു പ്ലോട്ടുകൾ . അതിനിടക്ക് താളത്തിൽ നൃത്ത ചുവടുകളുമായി ഗോപികമാരും അണിനിരന്നു.
പശ്ചാത്തലത്തിൽ കൃഷ്ണ ഭക്തിഗാനങ്ങൾ.
കൊങ്ങന്നൂർ ,ചോയി കുളം , ഓട്ടമ്പലം , ഗോവിന്ദ നല്ലൂർ ,മൊടക്കല്ലൂർ എന്നീ ശാഖകളിൽ നിന്നുള്ളവർ അത്തോളി ബാലഗോകുലം മണ്ഡലം കേന്ദ്രീകരിച്ചാണ് ശോഭായാത്ര ഒരുക്കിയത്.
സംഘാടക സമിതി ചെയർമാൻ സി ലിജു , രക്ഷാധികാരി
പി ലോഹിതാക്ഷൻ മാസ്റ്റർ , ആർ എം വിശ്വൻ , കെ വി കുമാരൻ, അഭീഷ് പുനത്തിൽ എന്നിവർ നേതൃത്വം നൽകി.
മാണിക്കോത്ത് ക്ഷേത്രാങ്കണത്തിൽ പായസം വിതരണം ഉണ്ടായിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് സഹായം എത്തിക്കാൻ യാത്രയിലുടനീളം കുടക്കയിൽ സംഭാവനകൾ ശേഖരിച്ചു.