അത്തോളി പോലീസ് അതിർത്തിയിൽ
ദളിത് കുടുംബത്തെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദ്ദിച്ചതായി പരാതി ;
പ്രതി ഒളിവിൽ
സ്വന്തം ലേഖകൻ
Exclusive Report :
അത്തോളി :വീടിൻ്റെ അതിര് കാണിച്ചു തരണമെന്നാവശ്യപ്പെട്ട് പുലർച്ചെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ പട്ടികജാതിക്കാരനായ ഗൃഹനാഥനും തടയാൻ ശ്രമിച്ച ഭാര്യയ്ക്കും മർദ്ദനമേറ്റതായി പരാതി.
തലക്കുളത്തൂർ പഞ്ചായത്തിലെ അന്നശ്ശേരി എടക്കര വേട്ടോട്ടു കുന്നുമ്മൽ കോളനിയിൽ സുനിൽ കുമാറിനും (54) ഭാര്യ കെ.കെ പുഷ്പയ്ക്കും (50) നേരെ അയൽ വാസി മർദ്ദിച്ചതായാണ് പരാതി. സുനിൽ കുമാറിൻ്റെ വീടിനടുത്തായിട്ടുള്ള വേട്ടോട്ടു കുന്നുമ്മൽ വൈശാഖിൻ്റെ കുടുംബത്തിൻ്റെ ഭൂമിയിൽ വീടു നിർമ്മാണത്തിൻ്റെ ഭാഗമായി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച അടിത്തറയിൽ വീട് പണി പുനരാംഭിക്കുന്നതിന് വേണ്ടി സ്ഥലത്തിൻ്റെ അതിര് കാണിച്ചു കൊടുക്കാൻ എന്ന പേരിലാണ് സുനിൽ കുമാറിനെ പുറത്തേക്ക് വിളിച്ച് വരുത്തിയത്.
മർദ്ദനത്തിൽ പരിക്കേറ്റ സുനിൽ കുമാറിനെ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. സ്റ്റീൽ വള കൊണ്ടുള്ള മർദ്ദനത്തിൽ ക്ഷതവും ഇളക്കവും സംഭവിച്ച പല്ലുകൾക്ക് ക്ലിപ്പിട്ടു. സംഭവത്തിൽ വേട്ടോട്ടു കുന്നുമ്മൽ വൈശാഖിൻ്റെ പേരിൽ
അത്തോളി പോലീസ്
കേസെടുത്തു.
ബി എൻ എസ് 484/ 24 പ്രകാരമെടുത്ത കേസിൽ 123 ( 2 ) , 115 (2 ) 329 (3 ) 118 (1) എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.
പട്ടികജാതി/വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ, എലത്തൂർ മേഖലാ കമ്മിറ്റിയുടെ പ്രസിഡന്റ് ശ്രീജിത്ത് കുരുവട്ടൂർ എന്നിവർ കുടുംബത്തെ സന്ദർശിച്ചു. സുനിൽ കുമാറിൻ്റെയും കുടുംബത്തിൻ്റെയും ഭാഗത്തു നിന്നും യാതൊരു പ്രകോപനവും മുൻ വൈരാഗ്യങ്ങളുമില്ലാതെ കുടുംബത്തെ മർദ്ദിക്കാനിടയായത് തീർത്തും സമൂഹത്തിൽ ഇപ്പോഴും നില നിൽക്കുന്ന ജാതീയത ഭാഗമായിട്ടാണെന്നും പ്രതിക്കെതിരെ പട്ടികജാതി/വർഗ്ഗ അതിക്രമം തടയൽ വകുപ്പ് ഉൾപ്പെടെ ശക്തമായ നിയമ നടപടികൾ സ്വീകരിച്ച് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പട്ടികജാതി - വർഗ്ഗ സംരക്ഷണ സമിതി രക്ഷാധികാരി സതീഷ് പാറന്നൂർ ആവശ്യപ്പെട്ടു.
വൈശാഖ് കോഴിക്കോട് നഗരത്തിൽ വാടക വീട്ടിലാണ് താമസിക്കുന്നത്. ഇടക്ക് അത് ഒഴിവാക്കി ലോഡ്ജുകളിലും കഴിയും . പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അത്തോളി ന്യൂസിനോട് പറഞ്ഞു