കനാലുണ്ട് വെള്ളമില്ല; അത്തോളിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം
സ്വന്തം ലേഖകൻ
അത്തോളി: കോടികൾ മുടക്കി നിർമിച്ച കനാലിലൂടെ ജലവിതരണം നടക്കാത്തതിനാൽ അത്തോളിയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാവുന്നു. കൊളക്കാട്, അത്താണി, കുനിയിൽക്കടവ്, അത്തോളി അങ്ങാടി എന്നി സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന കൈക്കനാൽ പാലകുളത്താണ് അവസാനിക്കുന്നത്. അവിടുന്ന് പൂക്കോട് വയലിലേക്കാണ് ഒഴുകേണ്ടത്. കനാലിലൂടെ വെള്ളമൊഴിയാൻ അത്തോളിയിലെ രണ്ടായിരത്തിലധികം കുടുംബങ്ങളിലെ കുടിവെള്ളത്തിന് ശാശ്വത പരിഹാരമാവും.
മിക്ക സ്ഥലങ്ങളിലെ കിണറുകളും വറ്റിത്തുടങ്ങി.
പലരും ടാങ്കർ വെള്ളത്തെ ആശ്രയിക്കുകയാണ്. പഞ്ചായത്തിൻ്റെ കുടിവെള്ള വിതരണവും നടക്കുന്നുണ്ട്.
എന്നാൽ കനാൽ നിർമിച്ച് അരനൂറ്റാണ്ടായിട്ടും വേനൽക്കാലത്ത് പോലും ഈ കനാൽ വെള്ളം ചുരത്താറില്ല. വല്ലപ്പോഴും രണ്ടോ മൂന്നോ ദിവസം വെള്ളം ഒഴുകിയാലായി.
മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1962ൽ ആരംഭിച്ച കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി 1975 തുടങ്ങിയ സബ് ഡിസ്ട്രിബ്യൂട്ടറി കനലാണ് ഇത്. അര നൂറ്റാണ്ട് മുമ്പ് 1.76 കോടി രൂപ ചെലവഴിച്ചാണ് കൊടിച്ചിപ്പാറ മുതൽ പാലകുളം വരെ ആറര കിലോമീറ്റർ ദൈർഘ്യമുള്ള ഈ കനാൽ നിർമ്മിച്ചത്. കനാലിന് 5 മീറ്റർ വീതിയുമുണ്ട്. അന്ന് കാർഷിക ആവശ്യത്തിനുള്ള ജലസേചനം എന്ന നിലയ്ക്കായിരുന്നു കനാൽ തുടങ്ങിയതെങ്കിലും ഇന്ന് കൃഷി അപ്രത്യക്ഷമായതോടെ കനാൽ വെള്ളം കുടിവെള്ളത്തിനാണ് ഉപകാരപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് പേരിനെങ്കിലും ഈ കനാലിലൂടെ വെള്ളമൊഴുകിയത്. പിന്നീട് ഓരോ മഴക്കാലം കഴിയുമ്പോഴും കനാലിന്റെ ഓരോ ഭാഗവും ഇടിയുന്നത് മൂലം ജലവിതരണം നടത്താൻ കഴിയാറില്ല. ഇത്തവണയും സംഭവിച്ചത് അത് തന്നെയാണ് അന്നശ്ശേരിയിൽ പാലം തകർന്നതോടെ ഈ പ്രാവശ്യവും ഏപ്രിൽ മാസത്തിൽ ജലവിതരണം ആരംഭിക്കാനായിട്ടില്ല. മഴയ്ക്കു മുമ്പേ അവശേഷിക്കുന്ന ദിവസങ്ങളിലെങ്കിലും വെള്ളമൊഴുകും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴും നാട്ടുകാർ.