കാർ തടഞ്ഞിട്ട് ബസ് ജീവനക്കാരുടെ മർദ്ദനം: ഒളിവിലായിരുന്ന കണ്ടക്ടറും അറസ്റ്റിൽ
റിപ്പോർട്ട് -
ആവണി എ എസ്
അത്തോളി :ഉള്ള്യേരിയില്‍ കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ച കേസിൽ ഒളിവിലായിരുന്ന ബസ് കണ്ടക്ടറും അറസ്റ്റിൽ .
പെരുവണ്ണാമുഴി പൂവാറമ്മൽ വീട്ടിൽ രവിയുടെ മകൻ റിജിലിനെ (31) യാണ് അത്തോളി എസ് ഐ രാജീവും സംഘവും ചേർന്ന് ഇന്ന് രാവിലെ പിടികൂടിയത്.
സംഭവം നടക്കുമ്പോൾ
കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തിയ എടത്തിൽ ബസിന്റെ കണ്ടക്ടറാണ് റിജിൽ . ബസ് ഡ്രൈവർ പാലേരി ചെറിയ കുമ്പളം എടവലത്ത് വീട്ടിൽ മുഹമ്മദ് ഇജാസ് ( 27 ) നെ ഇക്കഴിഞ്ഞ ഡിസംബർ 27 ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
ഡ്രൈവർക്ക് പിന്നാലെ കണ്ടക്ടറും പോലീസ് വലയിലാകുന്നത് .
ഇക്കഴിഞ്ഞ ഡിസംബർ 25 ന് രാത്രി 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ഉള്ള്യേരി കാഞ്ഞിക്കാവ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ ബിപിന്‍ലാല്‍ (43)നെയാണ് എടത്തിൽ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്. ബിപിൻ തുടർന്ന് മൊടക്കല്ലൂര്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികില്‍സ തേടി. ബസിലെ ജീവനക്കാരാണ് ബിപിന്‍ലാലിനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. . ബിപിന്‍ലാല്‍ സഞ്ചരിച്ച കാര്‍ ബസ്സിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് ജിവനക്കാര്‍ ഉള്ള്യേരി ഈസ്റ്റ്മുക്കില്‍ വച്ച് കാര്‍ തടഞ്ഞിട്ട് ആക്രമം നടത്തിയത്. ബിപിന്റെ മൂക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് മൂക്കിന്റെ ഉള്‍ഭാഗത്ത് പൊട്ടലുണ്ടായിരുന്നു. കഴുത്തിനും തലക്കും, നെഞ്ചിലും അടിക്കുകയും ചെയ്തു.ബിപിന്‍ലാലിന്റെ പരാതിയെ തുടർന്ന് അത്തോളി പോലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി ബസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് പേരുടെയും ലൈസൻസ് റദ്ദാക്കിയിരുന്നു. രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന് അത്തോളി പോലീസ് പറഞ്ഞു.