നിർമ്മാണത്തിലെ അപാകത : തിരുവങ്ങൂർ കേരള ഫീഡ്സിൽ നിന്നും 50 ടൺ കാലിത്തീറ്റ നശിപ്പിച്ചു; വാർത്ത പുറത്തായതിൽ
"വടി "യെടുക്കാൻ നീക്കവുമായി മാനേജ്മെന്റ്
അത്തോളി :നിർമ്മാണത്തിലുണ്ടായ അപാകതയെ തുടർന്ന് ഉല്പാദിപ്പിച്ച 50 ടണ്ണിലേറെ കാലിത്തീറ്റ ഉപയോഗ ശൂന്യമായി.
ഇതിൽ മിക്കവയും ഫാക്ടറിയുടെ പറമ്പിൽ തന്നെ കുഴിച്ചുമൂടുകയും ചെയ്തു.
കേരള ഫീഡ്സ് തിരുവങ്ങൂർ ശാഖയിലെ ഫാക്ടറിയിലുണ്ടായ സംഭവത്തിന്റെ വീഡിയോ ഇതിനകം പുറത്തായി.
വിവരം മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടു. വാർത്ത പുറത്ത് എത്തിയതിന് പിന്നിൽ ഫാക്ടറിയിലെ തൊഴിലാളികൾ സംശയത്തിന്റെ നിഴലിലായി. സോഷ്യൽ മീഡിയ വഴി പ്രചരിച്ച വിഷ്വലിന്റെ വസ്തുത അറിയാൻ നാളെ തിങ്കളാഴ്ച ഓഫീസ് സന്ദർശിച്ച് ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കുമെന്ന് കൊയിലാണ്ടി ഏരിയ സി ഐ ടി യു സെക്രട്ടറി അശ്വിൻ ദേവ് അറിയിച്ചു.
നിർമ്മാണത്തിൽ വരുത്തി വെച്ച വലിയ പിഴവും കാലിത്തീറ്റ കുഴിച്ച് മൂടിയ സംഭവവും പുറത്തായതോടെ തൊഴിലാളികൾക്ക് നേരെ പ്രതികാര നടപടിക്ക് എം.ഡി അടക്കമുള്ളവർ ഒരുങ്ങുന്നതായും വിവരമുണ്ട്. കമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ (സി ഐ ടി യു ) , ചുമട്ടുതൊഴിലാളികൾക്കായി സിഐടിയു, എഐടിയുസി എന്നീ സംഘടനകളിൽ പ്രവർത്തിക്കുന്നവരുമാണ് ഈ സ്ഥാപനത്തിലുള്ളത്.
ഗുണമേൻമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ഒരു കേരള സർക്കാർ സ്ഥാപനമാണ് കേരളഫീഡ്സ്. എന്നാൽ കെടുകാര്യസ്ഥതയുടെ പേരില്‍ നഷ്‌ടത്തിലേക്കും തൊഴിലാളി പ്രതിഷേധത്തിനും കാരണമായിരിക്കുകയാണ് ഈ ശാഖയെന്നാണ് ആരോപണം. സ്വകാര്യ കാലിത്തീറ്റ നിർമാണ കമ്പനികൾക്ക് വേണ്ടി വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന കേരള ഫീഡ്‌സിന്‍റെ ജില്ലയിലെ തിരുവങ്ങൂർ ശാഖ അടച്ച് പൂട്ടാൻ നീക്കം നടക്കുന്നതായാണ് ഉയരുന്ന മറ്റൊരു വിമർശനം.
നിർമ്മാണത്തിലെ അപാകത കാരണം കേടായതിനെ തുടർന്ന് ഉപയോഗശൂന്യമായ ചാക്കുകണക്കിന് കാലിത്തീറ്റയാണ് ആദ്യം കുഴിച്ചുമൂടിയത്. റിട്ടേൺ വരുന്നതിന്റെ കണക്ക് ക്രമാതീതമായി വർധിച്ചതോടെ ഇത് തരംതിരിക്കാനുള്ള നടപടിയും തകൃതിയായി നടക്കുകയാണ്. നിർമ്മാണത്തിന് ഉപയോഗിക്കുന്ന തവിടിൽ പൂപ്പൽ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാൻ കാരണമെന്നാണ് വിശദീകരണം. വലിയ ബിന്നുകളിൽ സൂക്ഷിക്കുന്ന അസംസ്കൃത വസ്തുക്കൾ ക്വാളിറ്റി ചെക്കിങ് നടത്താതെ ഉപയോഗിച്ചാണ് പൂപ്പല്‍ ബാധയ്ക്ക് കാരണം.
കോഴിക്കാടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരിച്ച് വന്നത്.
കഴിഞ്ഞ വർഷം വരെ കോടികളുടെ ലാഭത്തിലായിരുന്ന സ്ഥാപനത്തിൽ ഇതാദ്യമായാണ് ഇത്രയും ഭീമമായ നഷ്ടം വന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് കേരള ഫീഡ്‌സ് തിരുവങ്ങൂരിൽ ആരംഭിച്ചത്. നാളികേര കോംപ്ളക്സ് അടച്ചുപൂട്ടിപ്പോയ സ്ഥലത്താണ് കേരള ഫീഡ്‌സ് കാലിത്തീറ്റ നിർമ്മാണം ആരംഭിച്ചത്. എലൈറ്റ്, മിടുക്കി, കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ എന്നിവയാണ് തിരുവങ്ങൂർ യൂണിറ്റിൽ ഉല്പാദിപ്പിക്കുന്നത്. ഇതിൽ എലൈറ്റ് അൻപത് കിലോ ചാക്ക് ഒന്നിന് 1540 രൂപയും മിടുക്കിക്ക് 1430 രൂപയുമാണ് കമ്പനി വില. കന്നുകുട്ടി പരിപാലനത്തിനുള്ള തീറ്റ സൗജന്യമായി പാൽ സൊസൈറ്റികൾ വഴി ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നതാണ്. ഒരോ ഷിഫ്റ്റിലും 1500ലേറെ ചാക്ക് കാലിത്തീറ്റ ഉല്‍പ്പാദിപ്പിച്ചിരുന്ന സ്ഥാപനത്തിൽ ഇപ്പോൾ എല്ലാം മന്ദഗതിയിലാണ്. സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരുമടക്കം 200 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. രൂക്ഷമായ തർക്കങ്ങളെ തുടർന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ സംഭവങ്ങളും ഇടക്കാലത്ത് ഉണ്ടായിട്ടുണ്ട്. വാർത്ത പുറത്ത് വന്നതിന്റെ പേരിൽ തൊഴിലാളികൾക്കെതിരെ നടപടി ഉണ്ടായിൽ പ്രതിരോധിക്കാനാണ് യൂണിയന്റെ തീരുമാനം.
മാനേജ്മെന്റ് മായുള്ള ചർച്ചക്ക് ശേഷം നിലപാട് വ്യക്തമാക്കും. അനുകൂലമല്ലെങ്കിൽ ആ സമയം മുതൽ പ്രതിഷേധം ഉണ്ടാകും.