സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച സമ്പാദ്യ കുടുക്കയുമായി അത്തോളിയിലെ 5 വയസ്സുകാരന്റെ കരുതൽ ', പ്രളയബാധിതർക്ക് സ്നേഹവീടിനായി കൈകോർക്കാൻ നിരവധിപേർ എത്തുന്നു
സ്വന്തം ലേഖകൻ
അത്തോളി :വയനാട് മുണ്ടക്കൈ മേപ്പാടി ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതർക്ക് ഡിവൈഎഫ്ഐ യുടെ സ്നേഹവീട് നിർമ്മാണത്തിനായി സംഘടനകളും വ്യക്തികളും തയ്യാറെടുക്കുകയാണ്. ഇതിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ അത്തോളി മേഖല കമ്മിറ്റി നേതൃത്വത്തിൽ വ്യത്യസ്ഥ ചലഞ്ചുകൾ സംഘടിപ്പിക്കുകയാണ്. ഇതിനിടയിൽ അത്തോളി പെട്രോൾ പമ്പിന് സമീപം അക്ഷതം വീട്ടിൽ രഞ്ജിത്, നീതു ദമ്പതികളുടെ മകൻ ധ്യാൻദേവാണ് തൻ്റെ സമ്പാദ്യകുടുക്ക (2,553 രൂപ)സ്നേഹവീടിനായി നൽകിയത്,തുക സൈക്കിൾ വാങ്ങാനായി സ്വരൂപ്പിച്ചതായിരുന്നു.
ജി എം യു പി സ്കൂളിൽ 6 ആം
ക്ലാസിൽ പഠിക്കുന്ന തൻ്റെ ജേഷ്ഠൻ ദർശൻ ദേവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് തന്റെ ബാലനിധിയിലെ മുഴുവൻ തുക നൽകിയതും,വയനാടിൻ്റെ അവസ്ഥ പറഞ്ഞ് കേട്ട് അറിവുമാണ് 5 വയസ്സുകാരന് പ്രചോദനമായതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
ധ്യാൻദേവിന്റെ സമ്പാദ്യകുടുക്ക ഡിവൈഎഫ്ഐ ബാലുശ്ശേരി ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എസ് ബി അക്ഷയ് ഏറ്റുവാങ്ങി. അത്തോളി മേഖല പ്രസിഡൻ്റ് ഇ എം ജിതിൻ,ട്രഷറർ അനില, സഹകരണ ഹോസ്പിറ്റൽ സെക്രട്ടറി എം കെ സാദിക്ക് , സൂര്യ എന്നിവർ പങ്കെടുത്തു,തുടർന്നുള്ള ക്യാംപയിനുകളിൽ മുഴുവൻ നാട്ടുകാരും ഭാഗവാക്കാകണമെന്ന് മേഖല കമ്മിറ്റി അഭ്യർത്ഥിച്ചു.