സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍
അത്യാവശ്യമെങ്കിൽ അവധി പിന്നീട് പ്രഖ്യാപിച്ചേക്കും
കോഴിക്കോട് :ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ അനുയോജ്യമായ തീരുമാനം കൈക്കൊള്ളാം. അതേസമയം, ആവശ്യമായ ഘട്ടങ്ങളില്‍ ജില്ലാതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതെങ്കിലും അയല്‍ ജില്ലകളില്‍ പെയ്യുന്ന ശക്തമായ മഴകാരണം ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയര്‍ന്ന് അപകടാവസ്ഥയിലാണ്.കുറ്റ്യാടിപ്പുഴയിലും മാഹിപ്പുഴയിലും അപകടകരമാം വിധം ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇവിടെ താമസിക്കുന്ന പത്തോളം കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു.
അതിനിടെ, കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ കടല്‍ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കുന്നതിന് ആവശ്യമായ പ്രവൃത്തികള്‍ അടിയന്തരമായി തയ്യാറാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ ദേശീയപാതകളിലെ വെള്ളക്കെട്ടുകള്‍ പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥങ്ങള്‍ സന്ദര്‍ശിച്ച് കരാറുകള്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയതായും ജില്ലാകലക്ടര്‍ അറിയിച്ചു.
ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലാകലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദ്, ഇറിഗേഷന്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.