ദീർഘദൂര യാത്രക്കാർ പെരുവഴിയിൽ :
കുറ്റ്യാടി - അത്തോളി കോഴിക്കോട് റൂട്ടില്‍ ബസു പണിമുടക്ക് പൂർണ്ണം : ബസ് ജീവനക്കാർക്കെതിരെ കാർ യാത്രക്കാർ പരാതി നൽകി
എ എസ് ആവണി
അത്തോളി : കുറ്റ്യാടി - അത്തോളി കോഴിക്കോട് റൂട്ടില്‍
ബസ് തൊഴിലാളി സംയുക്ത കൂട്ടായ്മ ആഹ്വാനം ചെയ്ത
തൊഴിൽ ബഹിഷ്ക്കരണം ഫലത്തിൽ പണിമുടക്കിന് സമാനമായി.
പ്രാദേശിക ബസുകൾ മാത്രമാണ് ആശ്രയം. ഇന്ന് ഒരാഴ്ചക്ക് ശേഷം സ്ക്കൂൾ തുറന്നതിനാൽ വിദ്യാർത്ഥികളും ഏറെ പ്രയാസപ്പെട്ടു.
കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജ് വ ബസിലെ ഡ്രൈവർ ലിനീഷിനാണ് കൂമുള്ളിയിൽ വെച്ച് കാർ യാത്രക്കാരിൽ നിന്നും മർദ്ദനമേറ്റത്.
ശനിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് ഞായറാഴ്ച ലിമിറ്റഡ് ബസുകൾ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു . രണ്ടാം ദിവസമാണ് ദീർഘ ദൂര യാത്രക്കാരെ വലച്ച് ബസ് പണിമുടക്ക്.ഈ റൂട്ടിൽ ബസ് സർവീസ് നടത്തുന്ന
തൊഴിലാളികൾക്കെതിരെ ഇത് നാലാം തവണയാണ് അക്രമം .
മർദ്ദനത്തിന് ഇരയായ ലെനീഷ് |38 ) എം എം സി യിൽ ചികിത്സയിലാണ്.
അതിനിടെ ബദൽ സംവിധാനമായി കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ അധിക കെ എസ് ആർ സി ബസ് ഏർപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് ബസ് പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെമീർ നളന്ദ ഇ മെയിൽ അയച്ചു.
മന്ത്രി നടപടി സ്വീകരിക്കുന്നതിനായി ഫയൽ ഇന്ന് രാവിലെ ജില്ലാ കളക്ടർക്ക് കൈമാറി . അതിനിടെ ബസ് ജീവനക്കാർക്കെതിരെ കാർ യാത്രക്കാരും അത്തോളി പോലീസിൽ പരാതി നൽകി. ഡ്രൈവറും കണ്ടക്ടറും തങ്ങളെ നടുറോഡിലിട്ട് തല്ലിയെന്ന് ഇവരും പരാതിയിൽ പറയുന്നു.
കാറിൽ 5 പേരാണ് ഉണ്ടായിരുന്നത് കൂമുള്ളി സ്വദേശി ജംസി ഇപ്പോൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എല്ലുരോഗ വിദഗ്ദൻ്റെ ചികിത്സയിലാണ്. സഹോദ രൻ ജംഷാദ്, ഉപ്പയുടെ സഹോദരൻ അബ്ദു , സുഹൃത്തുക്കളായ നിഷാന്തും രാജീവും ഒപ്പം ഉണ്ടായിരുന്നു . ബസ് മുന്നോട്ട് എടുത്ത് കാർ തകർത്തു . മരണം മുന്നിൽ കണ്ടു. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തിട്ടില്ലന്നാണ് അറിയുന്നതെന്ന് അബദു അത്തോളി ന്യൂസിനോട് പറഞ്ഞു.