അത്തോളി പഞ്ചായത്തിന് പുതിയ പ്രസിഡന്റ്;
രണ്ടര വർഷത്തെ ഭരണത്തിളക്കത്തിൽ
ഷീബ രാമചന്ദ്രന് ഇന്ന് പടിയിറക്കം.
റിപ്പോർട്ട്: ആവണി
അത്തോളി :ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പതിനാറാം വാർഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ബിന്ദു രാജൻ പുതിയ പ്രസിഡന്റായി ചുമതയേൽക്കും.
നിലവിലെ പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ഇന്ന് വൈകീട്ട് 5 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരന് രാജിക്കത്ത് നൽകും.
കോൺഗ്രസിന്റെ നയപരമായ തീരുമാനപ്രകാരമാണ് ഈ മാറ്റം.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിലവിലെ പ്രസിഡൻ്റ് രാജി വെച്ചാൽ 15 ദിവസം കൊണ്ട് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം ,അതുവരെ പ്രസിഡൻ്റിൻ്റെ ചുമതല വൈസ് പ്രസിഡന്റിനാണ് . ഇത് പ്രകാരം വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വഹിക്കും.
2010ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലാണ് ഷീബാ രാമചന്ദ്രനും ബിന്ദു രാജനും മത്സരിക്കുന്നതും വിജയിച്ച് പഞ്ചായത്ത് മെമ്പറാകുന്നതും, അതെ ഭരണ സമിതിയിൽ ഷീബാ രാമ ചന്ദൻ സ്ഥിരം സമിതി അധ്യക്ഷയായി . 2015 പ്രതിപക്ഷത്തായിരുന്നു. 2020 ൽ ഇരുവരും വീണ്ടും മത്സരിച്ച് പഞ്ചായത്ത് അംഗങ്ങളായി. 2020ലെ തിരഞ്ഞെടുപ്പിൽ കൂടുതൽ ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച വാർഡ് മെമ്പർ എന്ന ഖ്യാതിയും ഷീബ രാമചന്ദ്രൻ സ്വന്തമാക്കിയിരുന്നു.
2020 ൽ യുഡിഎഫ് ഭരണം ലഭിച്ചപ്പോൾ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഷീബ രാമചന്ദ്രനും ബിന്ദു രാജനും ഒരുപോലെ പരിഗണിക്കപ്പെട്ടു . കോൺഗ്രസ്സിൻ്റെ അന്തിമ തീരുമാന പ്രകാരം ഇരുവർക്കും രണ്ടര വർഷം വീതം പ്രസിഡന്റ് സ്ഥാനം നൽകാൻ ധാരണയായി . മുൻ സ്ഥിരം അധ്യക്ഷ എന്ന പരിഗണനയിലാണ് പ്രസിഡൻ്റ് സ്ഥാനം ഷീബ രാമചന്ദ്രന് നറുക്ക് വീണത്.
2019 ലെ എൽ ഡി എഫ് ഭരണത്തിന്റെ അവസാന കാലത്ത് പ്രവർത്തനം ആരംഭിച്ച കുടക്കല്ല് അരിയോന്ന് കണ്ടിയിൽ എം സി എഫ് അഥവാ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം സൗന്ദര്യവൽക്കരിച്ചും കൂടുതൽ സൗകര്യ പ്രദമായ രീതിയിലാക്കിയാണ് വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പഞ്ചായത്തിൽ ഒരു കളി സ്ഥലം യാഥാർത്ഥ്യമാക്കി. പൊതു പ്രവർത്തകൻ സാജിദ് കോറോത്ത് സൗജന്യമായി നൽകിയ 1.12 ഏക്കർ സ്ഥലത്ത് 20 ലക്ഷം ചിലവഴിച്ച് മിനി സ്റ്റേഡിയം നിർമ്മിക്കാനാണ് പദ്ധതി. റോഡ് പ്രവർത്തി ആരംഭിച്ചു.
പന്തലായനി ബ്ലോക്കിൽ ഏറ്റവും അധികം ഭിന്നശേഷിക്കാരുള്ള പഞ്ചായത്തിൽ തോരായി റോഡിന് സമീപം ബഡ്സ് സ്കൂൾ ആരംഭിച്ചു. എം പി യുടെ സാഗി പദ്ധതിയിൽ പഞ്ചായത്തിനെ ഉൾപ്പെടുത്താൻ കഴിഞ്ഞു,
വഴിയോര വിശ്രമ കേന്ദ്രം ടേക്ക് ബ്രേക്ക് , സാധാരണ കുളത്തെ നീന്തൽ കുളമാക്കി മാറ്റി , 22 കൊല്ലമായി എസ് സി യ്ക്കായി വാങ്ങിയ 84 സെന്റ് ഭൂമിയിലേക്ക് അടു വാട്ട് നട്ടുച്ചാൽ കോളനി റോഡ് യാഥാർത്ഥ്യമാക്കി.
പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കും ജല ജീവൻ മിഷൻ വഴി കുടി വെള്ളം ലഭ്യമാക്കുന്നതിന് മലബാർ മെഡിക്കൽ കോളേജ് സൗജന്യമായി വിട്ട് നൽകിയ സ്ഥലത്ത് ടാങ്ക് നിർമ്മിക്കാൻ മുൻ കൈ എടുത്തു എന്നിവ നേട്ടമായി ,28 സെന്റിലുള്ള ഈ ടാങ്ക് 5 പഞ്ചായത്തുകൾക്കാണ് ഗുണം ചെയ്യുക. പ്രശസ്ത ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ കർമ്മ മണ്ഡലമായ കുമുള്ളിയിലെ വായന ശാല , അദ്ദേഹത്തിന്റെ പേരിൽ നാമകരണം ചെയ്ത് സാസ്ക്കാരിക മുന്നേറ്റത്തിനും വഴി തുറന്നു.
സ്ഥിരം സമിതി അധ്യക്ഷയായ ഭരണ പരിചയം പ്രസിഡൻ്റ് സ്ഥാനം ഷീബാ രാമചന്ദ്രൻ
മികവുറ്റാതാക്കിയെന്നാണ് പൊതുജനത്തിന്റെ വിലയിരുത്തൽ . സൗമ്യമായ പെരുമാറ്റം രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിച്ച വ്യക്തിത്വത്തിനുടമ .
"പാർട്ടിയുടെയും മുന്നണിയുടെയും പൂർണ്ണ പിന്തുണ . കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടെയും സഹരണം" - ഇതാണ് കുറഞ്ഞ സമയം കൊണ്ട് ഇത്രയും ചെയ്യാൻ കഴിഞ്ഞതിന്റെ വിജയ രഹസ്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ അത്തോളി ന്യൂസിനോട് പറഞ്ഞു.
സ്ഥാനം ഒന്നും മോഹിച്ചിട്ടില്ല, പാർട്ടി നിർബന്ധിച്ചു സ്ഥാനം ഏറ്റെടുത്തു. ആത്മാർത്ഥമായി ഉത്തരവാദിത്വം നിർവ്വഹിച്ചു. എല്ലാ വാർഡ് അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ഏറെ നന്ദിയുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.