കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് :  ജനം ദുരിതത്തി
കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് : ജനം ദുരിതത്തിലായി; മിന്നൽ പണിമുടക്കിനെതിരെ പ്രതിഷേധം!
Atholi News4 Aug5 min

കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് :

ജനം ദുരിതത്തിലായി; മിന്നൽ പണിമുടക്കിനെതിരെ പ്രതിഷേധം!


എ എസ് ആവണി 


അത്തോളി : ജനത്തെ വലച്ച് കുറ്റ്യാടി - ഉള്ള്യേരി - അത്തോളി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് പൂർണ്ണം. മുഴുവൻ ലൈൻ ബസുകളും പണിമുടക്കിൽ പങ്കെടുക്കുകയാണ്. പ്രാദേശിക ബസുകൾ മാത്രമാണ് പൊതു ജനത്തിന് ആശ്രയം .

 കുറ്റ്യാടി - കോഴിക്കോട് ദീർഘദൂര യാത്രക്കാർ ദുരിതത്തിലായി . സമരം അറിയാതെ പലരും വഴിയിലായി. അത്യാവിശ്യം കോഴിക്കോട് എത്തേണ്ടവർ കാർ ടാക്സി ആശ്രയിക്കുന്നു. ചിലർ യാത്ര ചെയ്യാതെ വീട്ടിലേക്ക് മടങ്ങി. 

ഇന്നലെ ( ശനിയാഴ്ച) വൈകീട്ട് കൂമുള്ളിയിലാണ് സമരത്തിന് കാരണമായ സംഭവം നടക്കുന്നത്. കുറ്റ്യാടി റൂട്ടില്‍ ഓടുന്ന ബസ്സിലെ ഡ്രൈവറെ കാർ യാത്രക്കാർ അകാരണമായി മര്‍ദിച്ചുവെന്നാരോപിച്ചാണ് കുറ്റ്യാടി - ഉള്ള്യേരി - കോഴിക്കോട് റൂട്ടില്‍ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുക്ക്. 

രാവിലെ തുടങ്ങിയ പണിമുടക്കിൽ കൂടുതൽ തൊഴിലാളികൾ അനുഭാവം പ്രകടിപ്പിച്ചു. അജ് വ ബസിലെ ഡ്രൈവര്‍ ലിനീഷിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ കെ.എല്‍ 56 എം 3530 നമ്പര്‍ കാര്‍ ഉടമ കൂമുള്ളി സ്വദേശി ജംഷിദിനെതിരെ അത്തോളി പോലീസ് കേസെടുത്തു. കാറില്‍ പേരാമ്പ്രയിലേക്ക് പോകാനായി കൂമുള്ളിയിലെത്തിയപ്പോള്‍അമിതവേഗതയില്‍ വന്ന ബസ് കാറിലേക്ക് ചെളിതെറിപ്പിക്കുകയായിരുന്നുവെന്നും ഇക്കാര്യം ചോദിച്ചപ്പോള്‍ ബസ് ഡ്രൈവര്‍ കാറിന് കേടുപാട് വരുത്തിയതായും, തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് ജംഷിദിൻ്റെ പരാതി. മര്‍ദ്ദനമേറ്റ ലീനിഷ് എംഎംസിയിലും , ജംഷിദ് കൊയിലാണ്ടി ആശുപത്രിയിലും ചികില്‍സ തേടി. 

മുൻ കൂട്ടി അധികൃതരെ അറിയിക്കാതെ ജനത്തെ വലച്ചുള്ള ഈ പ്രതിഷേധ രീതിയോട് യാത്രക്കാർ ഉൾപ്പെടെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ എതിർപ്പ് പ്രകടിപ്പിച്ചു. "തല്ലിയത് തെറ്റാണ് , അതിന് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയാണ് വേണ്ടത് , പ്രതിഷേധം ആളെ അറിയിക്കാനാണെങ്കിൽ രണ്ട് മണിക്കൂർ  പ്രതിഷേധിക്കട്ടെ.... 

ഒരു ദിവസം മുഴുവൻ നിരപരാധികളായ യാത്രക്കാരെ പ്രയാസപ്പെടുത്തുന്ന മിന്നൽ പണിമുടക്ക് ശരിയല്ല - പൊതു പ്രവർത്തകൻ എ എം ബദ്റുദ്ദീൻ  അത്തോളി ന്യൂസിനോട് പറഞ്ഞു. 

മിന്നൽ പണിമുടക്കിനെതിരെ കോടതിയെ സമീപിക്കണം ഇതിനായി പൊതുജനം രംഗത്ത് ഇറങ്ങണം -മാധ്യമ പ്രവർത്തകൻ എം കെ ആരിഫ് പ്രതികരിച്ചു.

Recent News