കലയുടെ കനക ചിലങ്കയണിഞ്ഞ്
കാപ്പാട് ഇലാഹിയ സ്ക്കൂൾ ഒരുങ്ങി ;
ഇനി നാല് നാൾ ഉത്സവ രാവ്
ആവണി എ എസ്
കാപ്പാട് : വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ കാപ്പാട് ഇനി നാല് നാൾ ചിലങ്കയുടെയും ഇശലിൻ്റെയും മേളപ്പെരുക്കത്തിൻ്റെയും ശബ്ദഗരിമയുടെ തീരമാകും.
കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം
ഇന്ന് (നവംബർ 4) മുതൽ 7 വരെയുള്ള ദിവസങ്ങളിൽ കാപ്പാട് ഇലാഹിയ സ്കൂൾ ഉൾപ്പെടെ സമീപങ്ങളിലായി 12 വേദികളിൽ
പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ 293 ഇനങ്ങളിൽ മത്സരം നടക്കും. പ്രോഗ്രാം ,
ഗ്രീൻ പ്രോട്ടോക്കോൾ, ഭക്ഷണം , സുരക്ഷ , ഗതാഗതം , ട്രോഫി തുടങ്ങിയ കമ്മിറ്റികൾ മേളയുടെ വിജയത്തിനായി പ്രവർത്തിക്കും.
രചനാ മത്സരങ്ങൾ ,
സ്റ്റേജ് മത്സരങ്ങൾ ഉൾപ്പെടെ 117 ഇനങ്ങൾ
ആദ്യ ദിവസം നടക്കും.
പ്രോഗ്രാം വിജയിപ്പിക്കുന്നതിനായി
ഒരേ സമയം120 ഓളം പേർ ജോലി ചെയ്ത്, പരിപാടികൾ സമയക്രമം കൃത്യമായി പാലിച്ച് നടത്തുമെന്ന് പ്രോഗ്രാം കോർഡിനേറ്റർ ബിജു കാവിൽ പറഞ്ഞു .
മികച്ച പ്രതിഭകളെ സംസ്ഥാന തലത്തിൽ എത്തിക്കുന്നതിൽ മുൻനിരയിലുള്ള ഉപജില്ലയാണ് കൊയിലാണ്ടി , അതിന്റെ ഗൗരവം
ഉൾകൊണ്ടാണ് പരിപാടികൾ ആസൂത്രണം ചെയ്തതെന്ന് പ്രോഗ്രാം കൺവീനർ കെ എസ് നിഷാന്ത് അറിയിച്ചു.
ദേശീയ പാത ബൈപ്പാസ് റോഡ് നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഗതാഗത കുരുക്കിന് സാധ്യത ഏറെയാണ് .
തിരുവങ്ങൂരിൽ നിന്നും പൂക്കാട് നിന്നും
രണ്ട് റെയിൽവേ ഗെയിറ്റിലും ഗതാഗത തടസം ഉണ്ടാകും. ഇതിന് പരിഹാരമായി
ട്രാഫിക്ക് കമ്മിറ്റിയുടെ നിർദേശ പ്രകാരം കൊയിലാണ്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ തിരുവങ്ങൂർ വഴി ഇലാഹിയ സ്കൂളിൽ എത്തുകയും കുട്ടികളെ ഇറക്കിയതിന് ശേഷം പൂക്കാട് വഴി തിരിച്ച് പോകണമെന്ന് അറിയിച്ചിട്ടുണ്ട്. പാർക്കിംഗ് സൗകര്യം കുറവാണ്. സ്കൂൾ ബസുകൾ ബീച്ച് റോഡിൽ പാർക്ക് ചെയ്ത് സഹകരിക്കണമെന്ന് ട്രാഫിക്ക് കമ്മിറ്റിയും അറിയിച്ചു.
ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവരും മത്സരാർത്ഥികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് കമ്മിറ്റി അറിയിച്ചു.