അത്തോളി കൂമുള്ളിയിൽ അമിതവേഗതയിൽ എത്തിയ ബസ് തട്ടി അപകടം ;
സ്‌കൂട്ടർ യാത്രികന് ദാരുണാന്ത്യം
അത്തോളി : അമിതവേഗതയിൽ എത്തിയ ബസ് സ്‌കൂട്ടറിൽ തട്ടിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.
സ്‌കൂട്ടർ യാത്രികൻ മലപ്പുറം ചെമ്മാട് മുന്നിയൂർ ആലിൻചുവട് സലാമത്ത് നഗറിൽ വെളിവെള്ളിയിൽ വീട്ടിൽ രതീപ് നായർ ( 34 ) ആണ് മരിച്ചത്. കൂമുള്ളിയിൽ മിൽമ സൊസൈറ്റിക്ക് സമീപത്താണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ച് വീണ് തലക്ക് ഗുരുതര പരിക്കേറ്റ രതീപിനെ നാട്ടുകാർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെള്ളിയാഴ്ച വൈകീട്ട് 3.50 ഓടെയാണ് അപകടം സംഭവിച്ചത് . കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ
സി സി ടി വി ദൃശ്യം പുറത്ത് വന്നു.
ഉള്ള്യേരി - അത്തോളി റൂട്ടിൽ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന കമ്പനിയുടെ പ്രതിനിധിയാണ് രതീപ്. ആഴ്ചയിൽ കടകളിൽ കളക്ഷൻ എടുക്കാൻ പതിവ് പോലെ ഉള്ളിയേരി ഭാഗത്ത് നിന്നും അത്തോളി ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്നു.അപകടത്തിന് കാരണമായ ബസ് അത്തോളി പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
മാസങ്ങൾക്ക് മുൻപ് കൂമുള്ളി മിൽമയ്ക്ക് സമീപം സമാനമായ അപകടം ഉണ്ടായിരുന്നു. പിതാവ് : കൃഷ്ണൻ നായർ , മാതാവ്:രമ, ഭാര്യ: അശ്വിനി,മകൾ: മൂന്നര വയസുള്ള ദേവനന്ദ, സഹോദരങ്ങൾ: രാജീവ് , രാകേഷ് .പ്രദേശത്തെ സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായിരുന്നു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി , പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുകൊടുക്കും
കോഴിക്കോട് - കുറ്റ്യാടി റൂട്ടിലെ അമിത വേഗത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ലന്ന് ബസ് പാസഞ്ചേർസ് അസോസിയേഷൻ പ്രസിഡന്റ് ഷമീർ നളന്ദ ആരോപിച്ചു.