കാലിക്കറ്റ്‌ പ്രസ് ക്ലബിന് ഇനി പുതിയ മുഖം.
കാലിക്കറ്റ്‌ പ്രസ് ക്ലബിന് ഇനി പുതിയ മുഖം.
Atholi News30 Aug5 min


കാലിക്കറ്റ്‌ പ്രസ് ക്ലബിന് ഇനി പുതിയ മുഖം



കോഴിക്കോട്: കഴിഞ്ഞ 50 വർഷമായി കോഴിക്കോട്ടെ മാധ്യമ പ്രവർത്തകരുടെ പ്രധാന ഒത്തുചേരൽ ഇടവും വാർത്താ കേന്ദ്രവുമായി നഗരമധ്യത്തിൽ തലയുയർത്തി നിൽക്കുന്ന കാലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബ്‌ കെട്ടിടത്തിൻ ഇനി പുതിയ മുഖവും അകവും. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ ആസ്ഥാനം കൂടിയായ പ്രസ് ക്ലബ്ബ്‌ കെട്ടിടം നവീകരിച്ചത്‌.

നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട്‌ ആറുമണിക്ക്‌ നടക്കുമെന്ന് ക്ലബ്ബ്‌ പ്രസിഡന്റ്‌ എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്‌ രാകേഷും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

news image

മുതലക്കുളം മൈതാനത്ത്‌ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കെട്ടിടോദ്ഘാടനം നിര്‍വഹിക്കും. ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യാതിഥിയാകും. 


ആസ്റ്റർ ഡി. എം ഹെൽത്ത്‌കെയറാണ് നവീകരണ ജോലികൾ പൂർണ്ണമായും ഏറ്റെടുത്തത്‌. താഴത്തെ നിലയില്‍ ഓഫീസ് സൗകര്യങ്ങളും ഒന്നാം നിലയില്‍ വിസിറ്റേഴ്‌സ് ലോഞ്ചും വാഷ്‌റൂമും വര്‍ക്ക് സ്‌റ്റേഷനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവനായും എ.സി.പി. പാനല്‍ കൊണ്ട് പൊതിഞ്ഞ് മനോഹരമാക്കി. പ്രസ്‌ക്ലബിലെത്തുന്ന പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസഫര്‍ അഹമ്മദ്, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, സംസ്ഥാന സെക്രട്ടറിമാരായ ഷജില്‍ കുമാര്‍, അഞ്ജന ശശി എന്നിവര്‍ ചടങ്ങിൽ ആശംസകള്‍ നേരും. 

മാധ്യമ പ്രവർത്തകർക്കുള്ള മിംസ്‌ പ്രസ്‌ ഹെൽത്ത്‌ കാർഡിന്റെ റീലോഞ്ചിംഗ്‌ ചടങ്ങിൽ ഡോ. ആസാദ്‌ മൂപ്പൻ നിർവ്വഹിക്കും. 

ഉദ്ഘാടനച്ചടങ്ങിന് ശേഷം ബാവുല്‍ ഗായകന്‍ ഹര്‍ദിന്‍ ദാസ് ബാവുളിന്റെ സംഗീത പരിപാടിയുമുണ്ടാകും. 


1970 നവംബര്‍ 16ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേനോനാണു കാലിക്കറ്റ് പ്രസ്‌ക്ലബിന് തറക്കല്ലിട്ടത്‌. 1971 ഫെബ്രുവരി രണ്ടാം വാരത്തില്‍ തന്നെ ഒറ്റനില കെട്ടിടത്തിൽ പ്രസ് ക്ലബ്ബിന്റെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. 

പിന്നീട്‌ പലഘട്ടങ്ങളായി വികസിപ്പിച്ചാണു ഇന്നത്തെ അഞ്ചുനില കെട്ടിടമായി ഉയർന്നത്‌. 


വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ് ട്രഷറര്‍ പി.വി. നജീബ്, വൈസ് പ്രസിഡന്റ് രജി ആര്‍ നായര്‍, ജോ. സെക്രട്ടറിമാരായ എം.ടി. വിധുരാജ്, ടി. മുംതാസ്, എക്സിക്യൂട്ടീവ് അംഗം ടി. ഷിനോദ് കുമാർ എന്നിവരും പങ്കെടുത്തു.

Tags:

Recent News