(എഡിറ്റോറിയൽ )
അത്തോളിയിൽ കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിടങ്ങൾ :
കഴിഞ്ഞ ദിവസം നിലം പൊത്തിയ കെട്ടിടത്തിൻ്റെ മതിൽ പൊളിച്ചു നീക്കി;
അധികൃതർ കണ്ണടക്കുകയാണോ ?
പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാത കടന്ന് പോകുന്ന അത്തോളിയിലെ ടൗൺ മധ്യഭാഗത്ത് 'കുപ്പിക്കഴുത്ത് ' പോലെയുള്ള റോഡ്,
നാടിന് അപമാനമാണ് !
20 വർഷം മുൻപ് അത്തോളിയിൽ നിന്നും വിവാഹിതനായി ഇപ്പോൾ ന്യൂസിലാൻ്റിൽ ജോലി ചെയ്യുന്ന കോളേജ് മേറ്റ് ബിജു സ്‌ക്കറിയ ഫോണിൽ വിളിച്ച് അത്തോളിയിലെ റോഡ് ഇപ്പോൾ എങ്ങിനെ എന്ന് ചോദിച്ചിട്ട് ആഴ്ചകളായില്ല. സംസാരത്തിൽ റോഡിന് ഇരുവശവുമുള്ള പഴയ കെട്ടിടങ്ങളെ കുറിച്ചും ചർച്ചയായി. നാട് മുഴുവൻ വികസിച്ചിട്ടും നമ്മുടെ അത്തോളിക്ക് എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ മറുപടി ഒന്നും പറയാനില്ലായിരുന്നു.
അത്തോളിയിലൂടെ കടന്ന് പോകുന്ന ഏതൊരാളും ചോദിക്കുന്ന ചോദ്യം ബിജു വിലൂടെ കേട്ടുവെന്ന് മാത്രം.
ശനിയാഴ്ച രാവിലെയാണ് ടൗൺ മധ്യത്തിൽ പീടിക പറമ്പിലെ കെട്ടിടം ജീർണാവസ്ഥയിൽ നിലം പൊത്തിയത് . മണിക്കൂറുകൾ തുടർച്ചയായി മഴ പെയ്യുമ്പോൾ ഇത്തരം കെട്ടിടങ്ങൾ നിലം പൊത്താൻ സാധ്യത ഏറെയാണ്. ഈ കെട്ടിടം തകർന്ന് അവശിഷ്ടങ്ങൾ റോഡിലേക്ക് തെറിച്ചാണ് നടുവണ്ണൂർ സ്വദേശിയായ ഷിയാസിന് പരിക്കേറ്റത്. കൈക്കും കാലിനും പരിക്കേറ്റ ഷിയാസിന് ഉപജീവന മാർഗം മുടങ്ങിയിരിക്കുകയാണ്. അത്തോളി മെയിൻ
റോഡിന് ഇരുവശവും ജീർണ്ണിച്ച കെട്ടിടങ്ങൾ ഇനിയുമുണ്ട്. ഷിയാസിന് അപകടം പറ്റിയ കെട്ടിടത്തോട് ചേർന്നുള്ള മതിൽ ഇന്നലെ തന്നെ ഗ്രാമ പഞ്ചായത്ത് പൊളിക്കാൻ നിർദേശിച്ചു , കെട്ടിട ഉടമ അവ പൊളിക്കുകയും ചെയ്തു.
അപകടങ്ങൾ സംഭവിക്കുമ്പോൾ മാത്രം നിർദേശം കൊടുക്കുന്ന സർക്കാർ സംവിധാനവും എല്ലാം സഹിക്കാൻ നിർബന്ധിതരാകുന്ന പൊതുജനവും സ്ഥിരം ഏർപ്പാട് തന്നെ.
റോഡ് വികസനത്തിൻ്റെ ഭാഗമായാണ് കെട്ടിടങ്ങൾ ഇങ്ങിനെ 'സ്മാരക 'മായി നിലയുറപ്പിച്ചത്. കെട്ടിടമുള്ള സ്ഥലത്തിന് വില കൂടുതൽ ലഭിക്കുമെന്നതാണ് നിലവിൽ ആരും കെട്ടിടം പൊളിച്ചു നീക്കാത്തത് എന്ന് അന്വേഷണത്തിൽ വ്യക്തമായി.
ജീർണ്ണിച്ച കെട്ടിടം പുറം മോടി പിടിപ്പിച്ച കച്ചവടത്തിന് കൊടുക്കാത്ത കെട്ടിടവും ഇക്കൂട്ടത്തിൽ കാണാം.
80 വർഷത്തോളം പഴക്കമുള്ള കെട്ടിടം ടൗണിൽ ഉണ്ടെന്നും അവ പൊളിച്ച് മാറ്റാൻ നടപടി സ്വീകരിക്കണമെന്നും നിരവധി തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിവേദനം കൊടുക്കുന്ന സമയത്ത് നോട്ടീസ് കൊടുക്കും അത് കഴിഞ്ഞാൽ മറക്കും. ശനിയാഴ്ചത്തെ
കെട്ടിടം നിലം പൊത്തിയ അപകടം നമുക്ക് മുന്നിൽ നൽകിയത് , അടുത്ത അപകടത്തിനുള്ള സൂചനയാണ്.
പഞ്ചായത്ത് ഭരണ സമിതിയുടെ ശ്രദ്ധയിലേക്ക്
മഴ കഴിഞ്ഞിട്ടുമില്ല , കണ്ണടച്ചാൽ ദുരന്തത്തിന് സമാധാനം പറയേണ്ടി വരും. പഞ്ചായത്തിൽ ദുരന്ത നിവാരണം അതത് ഗ്രാമ പഞ്ചായത്തിൻ്റെ ഉത്തരവാദിത്വമാണ് എന്ന് കൂടി ഓർമ്മപ്പെടുത്തട്ടെ ! അതിനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയുന്നതിലേക്ക്.
പാവങ്ങാട് - ഉള്ളിയേരി റോഡ് വികസനത്തിനായ് അത്തോളിക്കാരുടെ കാത്തിരിപ്പിന് ഏറെ വർഷമായി. വീതി നിർണയിച്ച് കുറ്റിയിട്ടെങ്കിലും സർവ്വെ നടന്നതല്ലാതെ പ്ലാനും എസ്റ്റിമേറ്റും ആയിട്ടില്ല. റോഡിൻ്റെ പ്രതിസന്ധിക്ക് തടസ്സം എന്ത് തന്നെയായാലും അത് മറികടക്കാൻ പൊതു ജനം കൂടെ ഉണ്ടാകും ... കെട്ടിടം നിലം പൊത്തി അപകടത്തിന് ഇരയാകാൻ
എന്തായാലും ജനം കാത്തിരിക്കില്ലല്ലോ?
എഡിറ്റോറിയൽ ബോർഡ്
അത്തോളി ന്യൂസ്
23-06-2024