അത്തോളി പാലോറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഭക്തി സാന്ദ്രമായി ;നൂറ് കണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ ക്ഷേത്രാങ്കണം യാഗശാലയായി
ആവണി എ എസ്
അത്തോളി : ചരിത്ര പ്രസിദ്ധമായ പാലോറത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ഇതാദ്യമായി പൊങ്കാല സമർപ്പണം നടത്തി.
ക്ഷേത്രത്തിന് തെക്ക് ഭാഗത്തും വടക്ക് ഭാഗത്തുമായി പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ ഭക്തർ അടുപ്പ് കൂട്ടി. നിവേദ്യത്തിനായി അരിയും ശർക്കരയും നെയ്യും ചേർത്ത് കലത്തിൽ വേവിക്കാൻ തയ്യാറാക്കി.
മേൽശാന്തി ഹരീഷ് നമ്പൂതിരി പണ്ടാര അടുപ്പിൽ നിന്നും തീ പകർന്ന് മറ്റ് അടുപ്പുകളിലേക്ക് കൈമാറിയതോടെ ക്ഷേത്രങ്കണം യാഗശാലയായി മാറി. തുടർന്ന് നമ്പൂതിരി എല്ലാവരും തയ്യാറാക്കിയ നിവേദ്യത്തിലേക്ക് തീർത്ഥം തെളിച്ചു.
ജോതിഷികളുടെ നിർദ്ദേശത്തോടെ ആരംഭിച്ച പൊങ്കാല വിപുലമായി തന്നെ തുടക്കമിട്ടതായി ക്ഷേത്രം പ്രസിഡൻ്റ് ആർ എം കുമാരൻ പറഞ്ഞു.
വ്യാഴാഴ്ച കലവറ നിറയ്ക്ക ൽ , സർവ്വൈശ്വര്യ പൂജ ,സർപ്പ ബലി , വെള്ളിയാഴ്ച ആഘോഷ വരവ് ,മുല്ലക്കൽ പാട്ടിനെഴുന്നള്ളത്ത് , രാത്രി തിറ ,കൂത്ത് എന്നിവയോടെ ഉത്സവാഘോഷത്തിന് സമാപനം.
ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ തയ്യിൽ പ്രവീൺ രാജ് , പ്രസിഡൻ്റ് ആർ എം കുമാരൻ , സെക്രട്ടറി കെ കെ ശശീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഉത്സവം.