പ്രതിഷേധത്തിനിടെ അറസ്റ്റ്:
അത്തോളിയിൽ ചാണ്ടി ഉമ്മനെത്തി.
ലിനീഷ് കുന്നത്തറയുടെ വീട്ടിലും ജയിലിലും സന്ദർശിച്ചു
അത്തോളി : അത്തോളി പൊലീസ് സ്റ്റേഷൻ മാർച്ചിലുണ്ടായ അക്രമ സംഭവത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലായ ഉള്ളിയേരി കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറയുടെ വീട് ചാണ്ടി ഉമ്മൻ എം.എൽ.എ സന്ദർശിച്ചു. നവകേരള സദസ്സിനെതിരെ പ്രതിഷേധമുയർത്തിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതിനെതിരെ തുടർന്ന് നടത്തിയ മാർച്ചിനിടെയാണ് ലിനീഷിനേയും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ടി.താരിഖിനേയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
മകൻ ജയിലിലായ ദിവസം ലിനീഷിന്റെ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. നാളെ നടക്കുന്ന അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ജാമ്യം ആവശ്യപ്പെട്ടങ്കിലും അത് നിഷേധിച്ച സാഹചര്യത്തിൽ ലിനീഷ് ജയിലിൽ നിരാഹാര സമരം നടത്തുകയാണ്. അത്തരമൊരു സാഹചര്യത്തിലാണ് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ചാണ്ടി ഉമ്മൻ അത്തോളിയിലെ വീട്ടിലെത്തിയത്.
ജാമ്യം നിഷേധിക്കുന്ന സാഹചര്യം ഉണ്ടാക്കിയ പൊലീസ് നടപടി സർക്കാറിന്റെ വികൃതമുഖമാണ് വ്യക്തമാക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ സമീപനമാണ് സർക്കാർ ചെയ്യുന്നത്. ജനാധിപത്യ പരമായി സമരം ചെയ്യുന്നതിന് പോലും കേസെടുക്കുന്നത് അഗീകരിക്കാനാവില്ലെന്നും ചാണ്ടി ഉമ്മൻ. കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം കൊയിലാണ്ടി സബ് ജയിലിൽ എത്തി ലിനിഷിനേയും കണ്ടാണ് അദ്ദേഹം മടങ്ങിയത്.