
മുഖ്യമന്ത്രി പിണറായി വിജയൻ അത്തോളിയിൽ ;
കാനത്തിൽ ജമീലയുടെ കുടുംബാംഗങ്ങളെ
ആശ്വാസിപ്പിച്ചു
അത്തോളി :അന്തരിച്ച കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീലയുടെ കുടുംബത്തെ നേരിൽ കണ്ട് അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചോയി കുളത്തെ കാനത്തിൽ വീട്ടിൽ എത്തി.
ഞായറാഴ്ച വൈകീട്ട് 6.30 ഓടെയായിരുന്നു സന്ദർശനം. മുഖ്യമന്ത്രിയെ ജമീലയുടെ ഭർത്താവ് അബ്ദുറഹിമാൻ , മക്കളായ ഐറിജ് റഹ്മാൻ , അനുജ ഷുഹൈജ് , സഹോദരൻ ജമാൽ , സഹോദരി ഭർത്താവ് ഷുഹൈബ് എന്നിവർ ചേർന്ന് വീടനകത്തെ മുറിയിലേക്ക് സ്വീകരിച്ചു. 15 മിനിറ്റ് നേരം മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. നല്ല നേതാവാണ് നമുക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി ആശ്വാസവാക്കുകൾക്കിടയിൽ പങ്കുവെച്ചു.
മരണ ദിവസം മുഖ്യമന്തി വിദേശത്തായിരുന്നു. തുടർന്ന് മുഖ്യമന്ത്രി ഞായറാഴ്ച കോഴിക്കോട് ബീച്ചിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിച്ചതിന് ശേഷം കണ്ണൂരിലേക്കുള്ള യാത്രക്കിടയിലാണ് ചോയികുളത്തെ വീട്ടിൽ എത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് വടകര റൂറൽ , എലത്തുർ , അത്തോളി പോലീസ് സ്റ്റേഷനുകളിൽ നിന്നും വൻ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും ജില്ലാ സെക്രട്ടറി എം മെഹബൂബ് എന്നിവരും ഉണ്ടായിരുന്നു.
മുഖ്യമന്ത്രിയെ കാണാൻ പ്രദേശത്തെ എൽ ഡി എഫ് സ്ഥാനാർത്ഥിയും നാട്ടുകാരും എത്തിയിരുന്നു.