സി.എച്ച് സെൻ്റർ ജനസേവനത്തിൻ്റെയും മാനവികതയുടെയും ഉന്നതമായ മാർഗ്ഗദർശനം : സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: മുസ് ലിം ലീഗ് ജീവകാരുണ്യമേഖലയിൽ സി. എച്ചിൻ്റെയും ശിഹാബ് തങ്ങളുടെയുമെല്ലാം പേരിൽ സേവനങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടി ചിട്ടവട്ടങ്ങൾക്ക് അപ്പുറത്ത് ജനസേവനത്തിൻ്റെയും മാനവികതയുടെയും ഉന്നതമായ മാർഗ്ഗ ദർശനങ്ങളാണ് മുന്നോട്ടു വെയ്ക്കുന്നതെന്ന് മുസ് ലിം ലീഗ് സംസ്ഥന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ .
രോഗ നിർണയത്തിൽ ആധുനിക സൗകര്യങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്ററിൽ സജ്ജമാക്കിയ 32 സ്ലൈഡ് സി.ടി സ്കാൻ, അൾട്രാസൗണ്ട് ഡോപ്ളർ, ഡിജിറ്റൽ എക്സ്റേ യൂണിറ്റ് ഉൾപ്പെടുന്ന നവീകരിച്ച ശിഹാബ് തങ്ങൾ ഡയഗ് നോസ്റ്റിക്ക് സെൻ്റർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ പ്രവർത്തനങ്ങൾക്കു പോലും സഹായങ്ങൾ നൽകുന്ന വിധത്തിൽ ആശുപത്രികളെ സഹായിക്കുന്ന നയവുമായി മുന്നോട്ടു പോകാൻ പലപ്പോഴും സെൻ്ററിന് സാധിച്ചിട്ടുണ്ട്. ഒറ്റപ്പെടുന്നു എന്ന തോന്നൽ മനുഷ്യരിൽ ഉണ്ടാകുമ്പോൾ അവരെ കൂടെ കൂട്ടുകയെന്ന യഥാർത്ഥ മനുഷ്യത്വമാണ് സി.എച്ച് സെൻ്റർ ചെയ്തു കൊണ്ടിരിക്കുന്നത്.നന്മയുള്ള ഉദാരമതികളുടെയും സാധാരണക്കാരുടെയും സഹായമാണ് ഇതിനു പിന്നിലുള്ളത്. ജനങ്ങളോട് കൂടുതൽ പറയാതെ തന്നെ അവർ സ്വയം സജ്ജരായി സി.എച്ച് സെൻ്ററിൻ്റെ പ്രവർത്തനങ്ങളെ സഹായിക്കാൻ മുന്നോട്ടു വരുന്നു എന്നത് അഭിമാനമുള്ള കാര്യമാണെന്നും ഒരു കാലഘട്ടത്തിൻ്റെ നവോത്ഥാന നായകനായ സി.എച്ച് മുഹമ്മദ് കോയയുടെ അനശ്വരമായ സ്മരണയാണ് സി.എച്ച് സെൻ്ററിലൂടെ നിലനിർത്താൻ സാധിക്കുന്നതെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മുസ് ലീഗ് ജില്ല പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽട്രാ സൗണ്ട് സ്കാനിംങ് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എയും എക്സ്റേ യൂണിറ്റ് ഡോ.എം.കെ മുനീർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 28 ലക്ഷം രൂപ വിലവരുന്ന അൽട്രാ സൗണ്ട് സ്കാനിംങ് മെഷിൻ സ്പോൺസർ ചെയ്ത സി.എച്ച് സെൻ്റർ ദമാം ചാപ്റ്റർ ഫണ്ട് ആദ്യ ഗഡുവും ഡയാലിസിസ് മെഷിന് ജിദ്ദ തുവൽ കെ.എം.സി.സി നൽകുന്ന ഫണ്ടും തങ്ങൾക്ക് കൈമാറി.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിമാരായ സി.പി ചെറിയ മുഹമ്മദ്, യു.സി രാമൻ, ജില്ല ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, ദമാം ചാപ്റ്റർ, ജിദ്ദ തുവൽ കെ.എം.സി.സി, കുവൈത്ത് കെ.എം.സി.സി പ്രതിനിധികളായ ടി.പി മൊയ്തീൻ, കണ്ടലക്കാടൻ അബ്ദുൽ ഗഫൂർ, സിറാജ് എരഞ്ഞിക്കൽ, ആശിഖ് ചെലവൂർ ,പ്രഹ്ളാദൻ സംസാരിച്ചു. സെൻ്റർ പ്രസിഡൻ്റ് കെ.പി കോയ ഹാജി സ്വാഗതവും ട്രഷറർ ടി.പി മുഹമ്മദ് നന്ദിയും പറഞ്ഞു. ജില്ല, മണ്ഡലം മുസ്ലിം ലീഗ് നേതാക്കൾ, മെഡിക്കൽ കോളേജ് വകുപ്പുതല മേധാവികൾ, കനിവ് ,സഹായി, ഐ.എസ്.എം തുടങ്ങിയ സന്നദ്ധ സംഘടന പ്രതിനിധികൾ, സെൻ്റർ ഭാരവാഹികളായ പി.എൻ.കെ അഷ്റഫ്, കെ.മൂസ മൗലവി, സഫ അലവി, അരിയിൽ മൊയ്തീൻ ഹാജി, കെ.മരക്കാർ ഹാജി ഒ.ഹുസൈൽ, ജനറൽ മാനേജർ അബ്ദു റഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: കോഴിക്കോട് മെഡിക്കൽ കോളേജ് സി.എച്ച് സെൻ്റർ നവീകരിച്ച ശിഹാബ് തങ്ങൾ ഡയഗ് നോസ്റ്റിക്ക് സെൻ്റർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു