കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടം: കർശന നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ
കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടം: കർശന നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ
Atholi NewsInvalid Date5 min

കുറ്റ്യാടി റൂട്ടിലെ സ്വകാര്യബസുകളുടെ മത്സരയോട്ടം: കർശന നടപടികളുമായി മനുഷ്യാവകാശ കമ്മീഷൻ 




അത്തോളി :അത്തോളി വഴി കുറ്റ്യാടി റൂട്ടിൽ സ്വകാര്യബസുകൾ നടത്തുന്ന മത്സരയോട്ടം തടയുന്നതിനും അപകടങ്ങൾ നിയന്ത്രിക്കുന്നതിനുമായി വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. 

മോട്ടോർ വാഹന വകുപ്പ്, പോലീസ്, എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധനകൾ പതിവാക്കണം. ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് അപ്രതീക്ഷിത സമയങ്ങളിൽ പരിശോധനകൾ നടത്തണം. നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഡ്രൈവർമാർ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് ഇത്തരം പരിശോധനകളിലൂടെ ഉറപ്പു വരുത്തണം.

ട്രാഫിക് ഉപദേശക സമിതി നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കണം.

സ്വകാര്യ ബസുകളിലെ ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. ബസുകളുടെയും ജീവനക്കാരുടെയും വിവരങ്ങൾ ഉൾക്കൊള്ളിക്കുന്ന ഡാറ്റാ ബേസിന് രൂപം നൽകണം.

മത്സരയോട്ടം തടയാൻ പഞ്ചിംഗ് സിസ്റ്റം ഫലപ്രദമായി നടപ്പിലാക്കണം.

ബസുകളുടെ സമയം കർശനമായി നിർബന്ധമാക്കണം.

തിരക്കുള്ള സമയങ്ങളിൽ കെ.എസ്.ആർ.റ്റി.സി. ചെയിൻ സർവ്വീസ് ആരംഭിച്ച് സ്വകാര്യ ബസുകളുടെ സമ്മർദ്ദം തടയണം.

തിരക്കേറിയ സ്ഥലങ്ങളിൽ കാൽനടയാത്രക്കാരുടെ സുരക്ഷക്ക് നടപ്പാതകൾ സ്ഥാപിക്കണം.

റോഡിലെ സുരക്ഷാ ചിഹ്നങ്ങൾ വ്യക്തമായി മനസിലാക്കുന്ന വിധത്തിൽ മാറ്റി സ്ഥാപിക്കണം

പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കണം.

റോഡ് കൈയേറ്റം പൂർണമായി ഒഴിപ്പിക്കണം.

സുരക്ഷിതഡ്രൈവിംഗിന് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകണം.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 2(4A) പ്രകാരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഡ്രൈവർമാർക്ക് സാമൂഹിക സേവനം നിർബന്ധമാക്കണം.

ബസ് ഉടമകൾ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ, യാത്രക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവരുടെ നിരീക്ഷണ സമിതി രൂപീകരിച്ച് മാസംതോറും യോഗങ്ങൾ നടത്തി അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടികൾക്ക് രൂപം നൽകണം.

ബസ് യാത്രക്കാരായ കുട്ടികളുടെ സുരക്ഷനടപടികൾ സ്കൂൾ അധികൃതർ ഉറപ്പാക്കണം.

റോഡ് സുരക്ഷയെകുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം

ഇത്തരം നടപടികളിലൂടെ സ്വകാര്യബസുകളുടെ മത്സരയോട്ടം കാരണം സംഭവിക്കാവുന്ന അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് കെ. ബൈജുനാഥ് ഉത്തരവിൽ പറയുന്നു ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കണം. ജില്ലാ പോലീസ് മേധാവി (സിറ്റി, റൂറൽ), ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ, ആർ.റ്റി.ഒ., പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ, കോഴിക്കോട് , കൊയിലാണ്ടി നഗരസഭാ സെക്രട്ടറിമാർ, വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് ഉത്തരവ് അയയ്ക്കും.  

ഇക്കഴിഞ്ഞ ജൂൺ 11 ന് പേരാമ്പ്ര ബസ് സ്റ്റാന്റിൽ അമിതവേഗതയിലെത്തിയ ബസിനെ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് തടഞ്ഞ സംഭവത്തെ തുടർന്നുള്ള പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി

Recent News