കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെ കവർച്ച ;പ്രതിപിടിയിൽ
കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെ കവർച്ച ;പ്രതിപിടിയിൽ
Atholi News13 Jun5 min

കോഴിക്കോട് നഗരത്തിലെ ഹോട്ടലിലെ കവർച്ച ;പ്രതിപിടിയിൽ




പിടികൂടിയത് കുംഭകോണത്തിനടുത്ത് മണ്ണാർഗുടിയിലെ ഉൾഗ്രാമത്തിൽ നിന്ന്




കോഴിക്കോട്: നഗരത്തിലെ ഹോട്ടലിൽ കവർച്ച നടത്തിയ തമിഴ് നാട് സ്വദേശിയെ സാഹസികമായി പിടികൂടി. മിംസ് ഹോസ്പിറ്റലിന് സമീപം ശ്രീ ലക്ഷ്മി ഹോട്ടലിൽ കവർച്ച നടത്തി രണ്ടു ലക്ഷത്തോളം രൂപ കവർന്ന തമിഴ്നാട് തിരുവാരൂർ സ്വദേശി ഭാഗ്യരാജി(41 )നെയാണ് ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിൻ്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസും സംഘവും തമിഴ്നാട്ടിലെ തിരുവാരൂറിലെ മണ്ണാർ ഗുടിയിലെ ഉൾഗ്രാമത്തിൽ നിന്നും പിടികൂടിയത് '. വിശദമായ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് രേഖപ്പെടുത്തി.


കഴിഞ്ഞ മാസം 27ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശ്രീലക്ഷ്മി ഹോട്ടലിൽ മാസങ്ങൾക്ക് മുമ്പ് കുറച്ച് ദിവസം ജോലി ചെയ്തിരുന്ന ഭാഗ്യരാജ് ഹോട്ടലിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയ ശേഷം സ്ഥലം വിടുകയായിരുന്നു. പിന്നീട് അവിടെ തന്നെ കവർച്ച നടത്താൻ തിരഞ്ഞെടുക്കുകയും ചെയ്തു.

തൊഴിലാളികൾക്ക് ശമ്പളം നൽകാൻ കരുതി വെച്ച പണം നഷ്ടപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട ഹോട്ടലുടമ വിവരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതി പിൻവാതിൽ പൊളിച്ച് അകത്ത് കയറുന്നതിന്റെ അവ്യക്തമായ ചിത്രം ലഭിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയിലേക്ക് എത്തുകയുമായിരുന്നു.

തമിഴ്നാട് സ്വദേശിയാണെങ്കിലും വയനാട്ടിലായിരുന്നു വർഷങ്ങളായി ഭാഗ്യരാജ് താമസിച്ചിരുന്നത്.എന്നാൽ കളവ് ചെയ്തതിന് ശേഷം പ്രതി തമിഴ്നാട്ടിലേക്ക് മുങ്ങുകയായിരുന്നു.തമിഴ്നാട് പോലീസ് പോലും കടന്ന് ചെല്ലാൻ മടിക്കുന്ന ഗ്രാമമായതിനാൽ സുരക്ഷിതനാണെന്ന് കരുതിയ പ്രതിയെ സാഹസികമായാണ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പിടികൂടിയത്.അതിനു ശേഷമാണ് അവിടുത്തെ പോലീസ് പോലും അറിഞ്ഞത്.പ്രതിയെ പിടി കൂടിയശേഷം ആളുകൾ കൂടാൻ സാധ്യത ഉള്ളതിനാൽ വളരെ വേഗം തന്നെ പ്രതിയുമായി അന്വേഷണ സംഘം കേരളത്തിലേക്ക് തിരിച്ചു.


 തന്റെ വാക്ചാതുര്യത്തി ലൂടെ ജീവനക്കാരെ കയ്യിലെടുക്കുന്ന ഇയാൾ തട്ട് ദോശ ഉണ്ടാക്കുന്നതിൽ പ്രഗൽഭനായിരുന്നു.അതു കൊണ്ട് തന്നെ ഹോട്ടലുകളിൽ ഇയാൾക്ക് വളരെ പെട്ടെന്ന് തന്നെ ജോലിയും ലഭിച്ചിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മെഡിക്കൽ കോളേജ് അസിസ്റ്റ്ന്റ് കമ്മീഷണർ കെ.സുദർശൻ പറഞ്ഞു.


സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് കൂടാതെ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ റസൽരാജ്,രതീഷ് ഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫൈസൽ എന്നിവർ അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു


മഴക്കാലം ആരംഭിച്ച സാഹചര്യത്തിൽ മോഷണം കൂടാൻ സാധ്യതയുണ്ടെന്നും, വിലപ്പെട്ട വസ്തുക്കൾ വീട്ടിൽ സൂക്ഷിക്കുന്നവരും വീടുവിട്ട് പോകുന്നവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ കെ.ഇ ബൈജു ഐ പി എസ് പറഞ്ഞു.

Recent News