മുൻകൂർ ജാമ്യം ലഭിച്ചില്ല ;  അത്തോളി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ അറസ്റ്റിൽ
മുൻകൂർ ജാമ്യം ലഭിച്ചില്ല ; അത്തോളി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ അറസ്റ്റിൽ
Atholi News23 Jan5 min

മുൻകൂർ ജാമ്യം ലഭിച്ചില്ല ;

അത്തോളി പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ അറസ്റ്റിൽ 



അത്തോളി : അത്തോളി പോലീസ് സ്റ്റേഷൻ മാർച്ചിൽ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ 10 

കോൺഗ്രസ് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പായിരുന്നു ചുമത്തിയത്. 

ഇവരുടെ ജാമ്യപേക്ഷ ജില്ലാ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ഓടെ അത്തോളി എസ് ഐ ആർ രാജീവിന്  മുമ്പിൽ പ്രതികൾ ഹാജരാവുകയായിരുന്നു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ , ബാലുശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് ജൈസൽ അത്തോളി, അത്തോളി മണ്ഡലം പ്രസിഡൻ്റ് സുനിൽ കൊളക്കാട്, ഉള്ളിയേരി മണ്ഡലം പ്രസിഡൻ്റ് കെ കെ സുരേഷ് , അജിത്ത് കുമാർ കരി മുണ്ടേരി , മോഹനൻ കവലയിൽ,സുധിൻ സുരേഷ്, സതീഷ് കന്നൂർ ,നാസ് മാമ്പൊയിൽ, ഷമീം പുളിക്കൽ എന്നിവരാണ് അറസ്റ്റിലായത്.

ഈ കേസിൽ നേരത്തെ യൂത്ത് കോൺഗ്രസ് നേതാവ് താരിഖ് അത്തോളി , ഉള്ളിയേരി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ലിനീഷ് കുന്നത്തറ എന്നിവർ അറസ്റ്റിലായിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. ലിനീഷിൻ്റെ അറസ്റ്റും തുടർന്ന് അദ്ദേഹത്തിന്റെ അമ്മയുടെ മരണവും പോലീസിനെതിരെ പ്രതിഷേധമുയർന്നിരുന്നു. 


കഴിഞ്ഞ മാസം 20 നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരള സദസ്സിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിനെതിരെ കെ പി സി സി സംസ്ഥാന വ്യാപകമായി പോലീസ് സ്റ്റേഷൻ മാർച്ച് ആഹ്വാനം ചെയ്തിരുന്നു. അത്തോളി സ്റ്റേഷൻ മാർച്ചിൽ കയർ കെട്ടി പ്രതിരോധിക്കുന്നതിനിടെ പോലീസിന് പരിക്കേറ്റിരുന്നുവെന്ന പരാതിയിലാണ് മാർച്ചിന് നേതൃത്വം നൽകിയ 12 ഓളം കോൺഗ്രസ് പ്രവർത്തക്കെതിരെ കേസെടുത്തത്.

പോലീസിൽ കീഴടങ്ങാനെത്തിയ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരയ്ക്കലിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിൽ എത്തിയിരുന്നു.

പ്രതികളുമായി പോലീസ് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പേരാമ്പ്ര കോടതിയിലേക്ക് കൊണ്ട് പോയി.


ജനാധിപത്യ പരമായ സമരം നടത്തിയവർക്കെതിരെ ഗുരുതരമായ ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസിൽ കുടുക്കുന്ന പൊലീസ് രാജിൽ ശക്തമായ പ്രതിഷേധമെന്ന് എൻ എസ് യു ദേശീയ സെക്രട്ടറി

 കെ എം അഭിജിത് പറഞ്ഞു.

Tags:

Recent News