ഉച്ഛ കഴിഞ്ഞാൽ ഡോക്ടറുടെ സേവനമില്ല !
അത്തോളി കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾ വലയുന്നു
റിപ്പോർട്ട്: സുനിൽ കൊളക്കാട്
അത്തോളി: ഉച്ഛ കഴിഞ്ഞാൽ
ഡോക്ടറുടെ സേവനം ലഭിക്കാതായതോടെ
അത്തോളിയിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ( എഫ് എച്ച് സി ) എത്തുന്ന രോഗികൾ വലയുന്നതായി പരാതി.
തിരഞ്ഞെടുപ്പ്
പെരുമാറ്റച്ചട്ടം നിലവിൽ ഉള്ളതിനാൽ എഫ് എച്ച് സിയിൽ ഡോക്ടറെ നിയമിക്കാൻ അനുമതിയില്ലാതായതാണ് പ്രതിസന്ധിയിലായത്.
അത്തോളി കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ രണ്ട് ഡോക്ടർമാരും ഉച്ചയ്ക്കുശേഷം ഒരു ഡോക്ടറും ആണ് രോഗികളെ പരിശോധിച്ചു വന്നത്. എന്നാൽ ഉച്ചയ്ക്ക് ശേഷമുള്ള ഡോക്ടർ ജോലി ഉപേക്ഷിച്ചതോടെയാണ് ഇവിടെ പരിശോധന നടക്കാത്തത്. മെയ് 1 മുതലാണ് ഉച്ചയ്ക്കുശേഷം ഡോക്ടർ ഇല്ലാതായത്. ആർദ്രം പദ്ധതി പ്രകാരം നിലവിലുണ്ടായിരുന്ന ഡോക്ടർ കരാർ അവസാനിച്ച് ജോലിയിൽ നിന്നും പിരിഞ്ഞു പോവുകയായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ പകരം ഡോക്ടറെ കരാർ നിയമിക്കാൻ പോലും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അനുമതി ആവശ്യമാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ എഫ് എച്ച് സി യിലേക്കുള്ള ഡോക്ടറെ നിയമിക്കാൻ അനുമതി തരണമെന്ന് കളക്ടറോടും ഡിഎംഒയോടും ആവശ്യപ്പെട്ടിട്ടുണ്ടന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ അത്തോളി ന്യൂസിനോട് പറഞ്ഞു. അനുമതി കിട്ടിയാൽ നിയമനം നടത്താമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ മറുപടി. പതിവായി 100ലേറെ പേർ ഉച്ചയ്ക്കുശേഷം മാത്രം ഈ ആരോഗ്യ കേന്ദ്രത്തിലെ ആശ്രയിച്ചു വരുന്നുണ്ട്. പലരും ഡോക്ടർ ഇല്ലന്ന വിവരമറിയാതെ ആരോഗ്യ കേന്ദ്രത്തി ലെത്തി മടങ്ങുന്ന അവസ്ഥയാണുള്ളത്. പെരുമാറ്റ ചട്ടം ജൂൺ 5 നാണ് അവസാനിക്കുക അതിനുശേഷം മാത്രമേ നിയമന നടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് ചട്ട പ്രകാരം കഴിയുകയുള്ളു. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടില്ലെങ്കിൽ ജൂൺ 15 വരെ എങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.