പ്ലസ് വൺ സീറ്റ് : ആശങ്കയ്ക്ക്
അടിസ്ഥാനമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.
രണ്ടംഗ സമിതിയെ വച്ച് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി
അത്തോളി: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ ആശങ്കയ്ക്ക്
അടിസ്ഥാനമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആവശ്യമായ സീറ്റുകളും വേണമെങ്കിൽ ആവശ്യമായിടത്ത് അഡീഷണൽ ബാച്ചുകളും അനുവദിക്കുമെന്നും ഇക്കാര്യത്തിൽ രണ്ടംഗ സമിതിയെ വച്ച് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി. കൊളത്തൂർ സ്വാമി ഗുരുവരാനന്ദ മെമ്മോറിയൽ ഗവ:ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി വർഷത്തിൽ എം.എൽ.എ യുടെ ആസ്തിവികസനഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി പ്ലസ് ടു വിഭാഗത്തിനായി 3 കോടി അനുവദിച്ച കെട്ടിടം കരാർ മാറ്റി നൽകി ഉടൻ പണിയാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2023-24 വർഷത്തിൽ നൂറുമേനി വിജയം കൈവരിച്ച എസ്എസ്എൽസി വിദ്യാർത്ഥികളേയും, പ്ലസ് ടു ഉന്നത വിജയികളേയും , എൻ എം എം എസ്, രാജ്യപുരസ്കാർ ജേതാക്കൾ, സംസ്ഥാന കലാ -കായികമേളയിൽ മികവ് തെളിയിച്ചവർ എന്നിവർക്കുള്ള അനുമോദനവും നടന്നു.
നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, നന്മണ്ട ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രതിഭ രവീന്ദ്രൻ , എസ്.എം.സി ചെയർമാൻ മഹേഷ് കോറോത്ത്, പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.വി ശിവദാസൻ , പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി എൻ.കെ രാധാകൃഷ്ണൻ, എം.സി അഷ്റഫ്, രാജീവൻ കൊളത്തൂർ, പി.രമേശ് ബാബു, ടി.ജയകൃഷ്ണൻ, പ്രിൻസിപ്പാൾ സിബി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പി കെ നാസർ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി.ഷീല നന്ദിയും പറഞ്ഞു.