മത പ്രഭാഷണവും സ്വലാത്ത് വാർഷികവും സമാപിച്ചു
അത്തോളി:കൊങ്ങന്നൂർ ഇസ് ലാഹുൽ മുസ് ലിമീൻ കമ്മിറ്റി മലയിൽ ബദർ ജുമ മസ്ജിദ് പരിസരത്ത് നാലു ദിവസങ്ങളിലായി നടത്തിയ മത പ്രഭാഷണവും സ്വലാത്ത് വാർഷികവും സമാപിച്ചു. സമാപന സമ്മേളനം കാപ്പാട് ഖാസി പി.കെ മുഹമ്മദ് നൂറുദ്ദീൻ ഹൈതമി ഉദ്ഘാടനം ചെയ്തു.ഇസ് ലാ മെന്നു പറഞ്ഞാൽ ആ പദത്തിനർത്ഥം സമാധാനമാണ്. മുസ്ലീമെന്നാൽ സമാധാനം പുലർത്തുന്നവൻ എന്നുമാണ്. എല്ലാവരോടും നല്ല രീതിയിലുള്ള സഹവർത്തിത്വമാണ് പ്രവാചകൻ കൽപിക്കുന്നത്. ആ ഇസ് ലാമിനെ ഭീകരവാദത്തിൻ്റെയോ തീവ്രവാദത്തിൻ്റെയോ പേര് പറഞ്ഞ് മാറ്റി നിർത്താനുള്ള ശ്രമമാണ് ലോകത്തുടനീളം നടന്നു കൊണ്ടിരിക്കുന്നത്. ഇസ്ലാമിൻ്റെ കാഴ്ചപാടിന് വിപരീതമായി അവതരിപ്പിക്കപ്പെടുന്ന കാലഘട്ടത്തിൽ ഇസ് ലാമിനെ കുറിച്ചുള്ള കാഴ്ചപ്പാടെന്താകണമെന്ന് നാമിവിടെ ജീവിച്ചു കാണിച്ചു കൊടുക്കേണ്ട അവസരമാണിത്. അങ്ങനെ നാം ചെയ്യുമ്പോൾ മറ്റുള്ളവർക്കു നമ്മളെ കുറിച്ചുള്ള ചിന്താഗതിയും കാഴ്ചപ്പാടും മാറുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം നിർത്തി ഫലസ്തീൻ ജനതയ്ക്ക് എത്രയും വേഗം സമാധാനം പുലരട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു. സ്വാഗതസംഘം ചെയർമാൻ ഇസ്മായിൽ പാണക്കാട് അധ്യക്ഷനായി.നൂറുദ്ദീൻ ഹൈതമിയെ ഐ.എം.സി ട്രഷറർ കുഞ്ഞായിൻ രസികയും മഹല്ല് ഖത്തീബ് പി.പി മുഹമ്മദലി ബാഖവി യെ ഇസ്മായിൽ പാണക്കാടും ആദരിച്ചു. ദിക്ർ ദുആ മജ്ലിസിന് മുഹമ്മദ് ഫാളിൽ നൂറാനി ദേവതിയാൽ നേതൃത്വം നൽകി.കൺവീനർ എ.കെ മുജീബുറഹ് മാൻ സ്വാഗതവും ഹിജാസ് തെക്കേടത്ത് നന്ദിയും പറഞ്ഞു.
ചിത്രം: അത്തോളി കൊങ്ങന്നൂർ ഇസ് ലാഹുൽ മുസ് ലിമീൻ കമ്മിറ്റി സംഘടിപ്പിച്ച മത പ്രഭാഷണവും സ്വലാത്ത് വാർഷികവും സമാപന സമ്മേളനം കാപ്പാട് ഖാസി പി.കെ മുഹമ്മദ് നൂറുദ്ദീൻ ഹൈതമി ഉദ്ഘാടനം ചെയ്യുന്നു?!.
2. അത്തോളി കൊങ്ങന്നൂർ ഇസ് ലാഹുൽ മുസ് ലിമീൻ കമ്മിറ്റി സംഘടിപ്പിച്ച മത പ്രഭാഷണവും സ്വലാത്ത് വാർഷികവും സമാപന സമ്മേളനത്തിൽ കാപ്പാട് ഖാസി പി.കെ മുഹമ്മദ് നൂറുദ്ദീൻ ഹൈതമിയെ കുഞ്ഞായിൻ രസിക ആദരിക്കുന്നു