ജില്ലയിൽ വിവിധ വായ്പ പദ്ധതികൾ ; അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ഭവന വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി എന്നിവയ്ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ വീടിന് പരമാവധി 10 ലക്ഷം രൂപയും പുനരുദ്ധാരണത്തിന് പരമാവധി അഞ്ച് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്. ഭവന വായ്പാ പദ്ധതിയുടെ വരുമാന പരിധി 600,000 രൂപയാണ്. അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് ഏഴ് ശതമാനം മുതല്‍ എട്ട് ശതമാനം വരെയാണ് പലിശ നിരക്ക്. തെരഞ്ഞെടുക്കപ്പെടുന്നവർ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ഭവന വായ്പാ പദ്ധതിക്ക് വസ്തു ജാമ്യവും, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതിക്ക് വസ്തു ജാമ്യമോ ഉദ്യോഗസ്ഥ ജാമ്യമോ ഹാജരാക്കേണ്ടതാണ്. താല്പര്യമുള്ളവർ വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനുമായി എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ : 0495 - 2767606 , 9400068511