കൂമുള്ളി - കൊളത്തൂർ റോഡ് പണി പാതി വഴിയിൽ ', യാത്രാദുരിതം തീരുന്നില്ല
അത്തോളി: കൂമുള്ളി - കൊളത്തൂർ റോഡ് പണി നടക്കുന്നതിൽ മഴക്കാലത്ത് യാത്ര ദുരിതമാവുന്നു.
റോഡിലെ നിർമ്മാണ പ്രവൃത്തികളും മഴമൂലമുള്ള ചെളിയും കൊണ്ടാണ് കാൽനട പോലും അസാധ്യമായത്. കൊളത്തൂർ ഹൈസ്കൂളിലേക്കും സെൻ്റ് മേരീസ് സ്കൂൾ, കെ.വി എൽ പി സ്കൂൾ കുട്ടികളടക്കമുള്ളവരുടെ യാത്ര ദുരിതത്തിലായിട്ട് മാസങ്ങളായി.
റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനാലാണ് ഗതാഗതം തടസ്സപ്പെടുന്നത്. ജലജീവൻ പദ്ധതിക്ക് വേണ്ടിയും റോഡിൽ കുഴികളുണ്ട്. ആറു ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഏതാനും ബസുകളേ പലപ്പോഴായി ഓടുന്നുള്ളു.
കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നാണ് കൊളത്തൂർ റോഡ് നവീകരണത്തിനുള്ള ഫണ്ട് ലഭിച്ചത്. പുതുക്കിപ്പണിത 6 പാലങ്ങളും തുറന്നെങ്കിലും റോഡിൽ മെറ്റൽ മിശ്രിതം നിരത്തുന്നതിനാൽ ഗതാഗതം പലപ്പോഴും തടസ്സപ്പെടുകയാണ്.
കോതങ്കലിൽ നിന്നും കുറവാളൂർ വഴിയാണ് ചെറിയ വാഹനങ്ങൾ ഇപ്പഴും കടന്നുപോകുന്നത്. കൂമുള്ളിയിൽ നിന്നും റോഡ് തുടങ്ങുന്ന ഭാഗത്ത് ഭാഗികമായി പൊളിച്ച പാലത്തിൻ്റെ പണി ഇനിയും തുടങ്ങിയിട്ടില്ല.അധികൃതർ വേഗത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ നാട്ടുകാർ പ്രത്യക്ഷ പ്രക്ഷോഭവുമായി ഇറങ്ങും.