അത്തോളിയിൽ അയൽവാസി വഴി മുടക്കിയ ലൈഫ് പദ്ധതിയിലെ വീട് നിർമ്മാണം മുടങ്ങി,
മനുഷ്യവകാശ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു
ആവണി എ എസ്
Breaking News
അത്തോളി: ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമ്മാണത്തിന് സാധനങ്ങൾ കൊണ്ടുവരാൻ അയൽക്കാർ വഴി അനുവദിക്കാത്തതിതെ തുടർന്ന് നൽകിയ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അത്തോളി പഞ്ചായത്തിലെ 7 -ാം വാർഡ് എടക്കാട്ടുംകര രാഘവന്റെ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.
കേസ് നമ്പർ 2103/2025 പ്രകാരം റിപ്പോർട്ട് ലഭിക്കുന്നതിനായി ഫയൽ ചെയ്തു.
ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 2024ലാണ് രാഘവന് ഗ്രാമപഞ്ചായത്ത് വീട് അനുവദിച്ചത്. ഇതനുസരിച്ച് പഴകി ദ്രവിച്ച വീട് പൊളിച്ചുമാറ്റി പഴയ സാധനങ്ങൾ എടുത്തുമാറ്റേണ്ടതുണ്ട്. ഇതിനുള്ള അനുവാദവും ഗ്രാമപഞ്ചായത്ത് നൽകിയിട്ടുണ്ട്. എന്നാൽ രാഘവന്റെ സ്ഥലത്തേക്ക് വാഹനം കൊണ്ടുവരണമെങ്കിൽ
റോഡു വെട്ടണം. വഴി ഒരുക്കണം.
ഇതിനുള്ള അയൽവാസിയുടെ എതിർപ്പാണ് വാഹനം കൊണ്ടുവരാൻ കഴിയാതെ വീട് പണി തുടങ്ങാൻ കഴിയാത്തത് ,ഇക്കാര്യം ഗ്രാമപഞ്ചായത്തിനെ അറിയിച്ചതിനെ തുടർന്ന് രണ്ട് തവണ എതിർ കക്ഷികളുമായി പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. പ്രശ്ന പരിഹാരം തേടി വടകര റൂറൽ എസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് അത്തോളി പൊലീസ് ഇൻസ്പെക്ടറോട് അന്വേഷിച്ച് നടപടിയെടുക്കാൻ എസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇൻസ്പെക്ടറുടെ ഭാഗത്തുനിന്ന് യാതൊരുവിധ അന്വേഷണം ഉണ്ടായില്ലെന്ന് രാഘവൻ പറയുന്നു. തുടർന്നാണ് ജില്ലാ കലക്ടർക്കും മനുഷ്യാവകാശ കമ്മീഷനും രാഘവൻ പരാതി അയക്കുന്നത്. ഈ പരാതിയിലാണ് മനുഷ്യവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പട്ടികജാതിയിൽ ഉൾപ്പെട്ട 71 വയസുള്ള നിത്യരോഗിയാണ് രാഘവൻ. മക്കൾ വിവാഹിതരായി വേറെ വീട്ടിലാണ് താമസം.