വ്യാപാരികളെ ദ്രോഹിക്കരുത്;
അത്തോളിയിൽ വ്യാപാരി പ്രതിഷേധം ഇരമ്പി
അത്തോളി: 'വ്യാപാരികളെ ദ്രോഹിക്കരുത് ' എന്ന മുദ്രാവാക്യമുയർത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മമ്പിലും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വേളൂർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കൂട്ടധർണ നടത്തി. കൊടശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് ആർ.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിവരമില്ലാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഉപദേശകൻമാരായ ഉദ്യോഗസ്ഥരുടെ തല തിരിഞ്ഞ നയമാണ് വ്യാപാരികൾ ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ ഒരുക്കമല്ലെങ്കിൽ അത് തടയാൻ തയ്യാറായി വ്യാപാരികൾ മുന്നോട്ടു വരേണ്ടി വരും. നിസ്സാരകാര്യങ്ങ ളിൽ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുമ്പോൾ കോർപ്പറേറ്റുകൾക്ക് ഇതൊന്നും ബാധകമല്ലേ എന്നദ്ദേഹം ചോദിച്ചു. സർക്കാറിനെ ഇതുവരെ അനുസരിച്ച് മുന്നോട്ടു പോയ വ്യാപാരികൾക്ക് വിവരം വെച്ചു തുടങ്ങിയിരിക്കുന്നതായും വ്യാപാരി ദ്രോഹങ്ങൾക്കെതിരെ സടകുടഞ്ഞെഴുനേറ്റു കഴിഞ്ഞതായും നടപടിയുമായി മുന്നോട്ടു വന്നാൽ വീര്യം കാണിച്ചു തരുമെന്നും വരാനിരിക്കുന്ന വലിയ പ്രതിഷേധ സമരത്തിൻ്റെ സൂചന മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തോളി യൂണിറ്റ് പ്രസിഡൻ്റ് ഗോപാലൻ കൊല്ലോത്ത് അധ്യക്ഷനായി. കരിമ്പയിൽ അബ്ദുൽ അസീസ്, രാജേഷ് ബ്രൈറ്റ്, ലിനീഷ് ആനശ്ശേരി പ്രസംഗിച്ചു.വ്യാപാരികൾ പ്രകടനമായാണ് കൂട്ടധർണക്കെതിയത്.
ചിത്രം: അത്തോളി പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ കൂട്ടധർണ