ഗോവിന്ദനല്ലൂർ മഹാ വിഷ്ണു ക്ഷേത്ര പ്രതിഷ്‌ഠാ മഹോത്സവം 25 മുതൽ 30 വരെ
അത്തോളി :ഗോവിന്ദ നല്ലൂർ മഹാ വിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ മഹോത്സവംഏപ്രിൽ 25 മുതൽ 30 വരെ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.25 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് കൊടി ഉയർത്തുന്നതോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കമാകും.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പൂന്തോട്ടത്തിൽ പുടയൂർ പാണ്ഡുരംഗൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ്.30 ന് ബുധനാഴ്‌ച വൈകുന്നേരം നടക്കുന്ന കുളിച്ചാറാട്ടിനും താലപ്പൊലിക്കും ശേഷം സമാപിക്കും.
ദേവചൈതന്യ വർദ്ധനവിനുള്ള വിശിഷ്‌ട താന്ത്രിക കർമ്മങ്ങൾക്ക് പുറമെ അഖണ്ഡനാമജപം,കലവറ നിറയ്ക്കൽ, ഭജന, സർവൈശ്വര്യപൂജ, നാരായണീയ പാരായണം, സ്വാമി ഗുരുവരാനന്ദ ശാസ്ത്രീയ സംഗീതോത്സവം, പ്രാദേശിക കലാകാരന്മാരുടെ കലാപരിപാടികൾ പ്രസാദഊട്ട്, ഉത്സവ ബലി,ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ,പള്ളി വേട്ടയും എഴുന്നള്ളിപ്പും എന്നിവയും നടക്കും.ക്ഷേത്ര നാലമ്പലത്തിൻ്റെ നവീകരണ പ്രവർത്തി ആരംഭിച്ചതായും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ശ്രീകൃഷ്‌ണ ഭഗവാന്റെ അവതാരശേഷം തൻ്റെ മാതാപിതാക്കൾക്ക് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ വിശ്വരൂപമാണ് ശ്രീ ഗോവിന്ദനല്ലൂരപ്പൻ, ഗോവിന്ദനല്ലൂരപ്പനെ മഹാവിഷ്ണു വായും, ശ്രീകൃഷ്ണനായും പുരാതനകാലം മുതൽ ഭക്തന്മാർ ആരാധിച്ചു വന്നിരുന്നതായി ജ്യോതിഷ പണ്ഡിതന്മാർ സമർത്ഥിക്കുന്നു. അതിനാൽ ഈ ക്ഷേത്രത്തിൽ ശ്രീകൃഷ്‌ണ ഭഗവാന്റെ എല്ലാ വിശേഷ ദിവസങ്ങളും ഭക്തി ആദരപൂർവ്വം ആചരിച്ചു വരുന്നുണ്ട്.
ക്ഷേത്ര കമ്മിറ്റി രക്ഷാധികാരി കൃഷ്ണൻ കൊല്ലോത്ത്,വൈസ് പ്രസിഡന്റ് സുഗുണൻ പുളിക്കൂൽ, ഉത്സവാഘോഷ കമ്മിറ്റി ട്രഷറർ ബാലരാമൻ തറോപടിക്കൽ, പുനർ നിർമാണ കമ്മിറ്റി ട്രഷറർ ഗോപാലൻ കൊല്ലോത്ത്,ഉത്സവാഘോഷ കമ്മിറ്റി ചെയർമാൻ രാംജിത്ത് നാലുപുരക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.