
ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാഭീഷണി; 47കാരനെ രക്ഷപ്പെടുത്തി
ഉള്ളിയേരി: ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ 47കാരനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ഉള്ളിയേരി പഞ്ചായത്തിലെ കന്നൂരിൽ ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.
കന്നൂർ സ്വദേശിയാണ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് കൊയിലാണ്ടിയിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി.
തുടർന്ന് ലാഡർ ഉപയോഗിച്ച് സേനാംഗങ്ങളായ ജിനീഷ് കുമാറും സുജിത്തും പോസ്റ്റിന് മുകളിലെത്തി ഗോപിയെ അനുനയിപ്പിച്ചു. തുടർന്ന് സുരക്ഷിതമായി ലാഡർ വഴി താഴെയിറക്കി.
പോലീസും സ്ഥലത്തുണ്ടായിരുന്നു. എസ്.എഫ്.ആർ.ഒ. വിപിന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ലിനീഷ് എം., സജീഷ്, ഹോം ഗാർഡുമാരായ രാജേഷ് കെ.പി., പ്രതീഷ് ടി. എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.