അത്തോളി കുനിയക്കടവിൽ സി സി ടി വി ക്യാമറ:നടപ്പിലാക്കാൻ നാട്ടുകാർ സഹകരിക്കുന്നില്ലെന്ന് !
സ്വന്തം ലേഖകൻ
അത്തോളി : കുനിയിൽ ക്കടവിൽ മാലിന്യം തള്ളുന്നത് തടയാൻ വേണ്ടി സിസി ടി വി ക്യാമറ സ്ഥാപിക്കാനുള്ള പഞ്ചായത്തിൻ്റെ ശ്രമം നാട്ടുകാരുടെ നിസ്സഹകരണം മൂലം നടപ്പിലാവുന്നില്ല. കുനിയിൽക്കടവിലും, പാലത്തിലും, പുഴയിലും പരിസരപ്രദേശങ്ങളും രാത്രികാലത്ത് മാലിന്യം തള്ളുന്നത് കണ്ടുപിടിക്കാനുള്ള മാർഗം എന്ന നിലക്കാണ് സിസി ടി വി ക്യാമറ സ്ഥാപിക്കാനുള്ള നിർദ്ദേശം ഗ്രാമ പഞ്ചായത്ത് മുന്നോട്ടുവെച്ചത്. ഇതിനായി ഗ്രാമീണ ബാങ്കിൻറെ സഹകരണത്തോടെയാണ് പഞ്ചായത്ത് കുനിയിൽക്കടവിൽ സിസി ടി വി ക്യാമറ സ്ഥാപിക്കാനുള്ള പദ്ധതി നടപ്പിലാക്കുന്നത്. എന്നാൽ ക്യാമറയ്ക്ക് ആവശ്യമായ വൈദ്യുതി തൊട്ടടുത്ത വീടുകളിൽ നിന്നും ലഭിച്ചെങ്കിൽ മാത്രമേ ഈ പദ്ധതി പ്രവർത്തികമാവുകയുള്ളൂ. വൈഫൈ സൗകര്യമുള്ള ക്യാമറയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നതിനാൽ ഇതിന് മറ്റ് സൗകര്യങ്ങളൊന്നും തന്നെ ആവശ്യവുമില്ല. എന്നാൽ പ്രദേശത്തെ വീട്ടുകാരെ സമീപിച്ചപ്പോൾ ആദ്യം അനുവാദം നൽകിയവർ പോലും പിന്നീട് പിന്മാറിഎന്നാണ് വിവരം . ഇതേ തുടർന്നാണ് പദ്ധതി നടപ്പിലാവാതെ ഇഴയുന്നത്. എന്നാൽ പുഴയോരത്തെ മറ്റ് വീട്ടുകാരോട് അനുവാദം ചോദിച്ചതായും അവർ അനുകൂല മറുപടി തരുമെന്ന് പ്രതീക്ഷീക്കുന്നതായും വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥിരം അധ്യക്ഷയുമായ എ എം സരിത അത്തോളി ന്യൂസിനോട് പറഞ്ഞു. മാലിന്യ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാരുടെ തന്നെ പരാതിയെ തുടർന്നാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ടു വെച്ചത്.