ഓവുചാലില്ല; ഹെൽത്ത് സെൻ്റർ റോഡിൽ വെള്ളക്കെട്ട്
റിപ്പോർട്ട് - ബഷീർ
അത്തോളി: സംസ്ഥാന പാതയിൽ നിന്നും അത്തോളി കീഴളത്ത് കുടുംബാരോഗ്യകേന്ദ്രം റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ കഷ്ടപ്പെടുത്തുന്നു.കോട്ടുവറ്റ താഴ വളവിലാണ് ചെളിവെള്ളം കെട്ടികിടക്കുന്നത്. മഴക്കാലമായാൽ ഇതാണ് അവസ്ഥ. ജലജീവൻ പദ്ധതിക്കു വേണ്ടി റോഡിൽ കുഴിയെടുത്ത് തകർന്നതിനു പുറമെയാണ് ഈ ദുരിതം കൂടി.ഹെൽത്ത് സെൻ്ററിലേക്കുള്ള രോഗികളും കുട്ടികളുമടക്കം മലിനമായ വെള്ളത്തിൽ ചവിട്ടി വേണം ഇതുവഴി നടന്നു പോകാൻ. ഇരുഭാഗത്തും മതിലായതിനാൽ വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാനും ഇടമില്ല. മുകൾ ഭാഗങ്ങളിൽ നിന്നൊഴുകിയെത്തുന്ന വെള്ളമാണ് റോഡിൽ കെട്ടിക്കിടക്കുന്നത്.
ഓവുചാൽ സംവിധാനം ഇല്ലാത്തതാണ് റോഡിൽ മഴവെള്ളം കെട്ടികിടക്കാൻ കാരണം. റോഡരികിലൂടെ സമീപത്തെ ഇടയിലേക്ക് തുറന്നു വിട്ടാൽ താൽക്കാലിക പരിഹാരമാകുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ചിത്രം: അത്തോളി ഫാമിലി ഹെൽത്ത് സെൻ്റർ റോഡിൽ കോട്ടുവറ്റ താഴ ചെളിവെള്ളം കെട്ടികിടക്കുന്നു