അത്തോളി കൊപ്ര  യൂണിറ്റ് :  നഷ്ടം ആർക്കാണ്? എന്ത് സംഭവിച്ചു?
അത്തോളി കൊപ്ര യൂണിറ്റ് : നഷ്ടം ആർക്കാണ്? എന്ത് സംഭവിച്ചു?
Atholi News25 Jul5 min

അത്തോളി കൊപ്ര യൂണിറ്റ് :

നഷ്ടം ആർക്കാണ്? എന്ത് സംഭവിച്ചു?



സ്വന്തം ലേഖകൻ


അത്തോളി : 8 വർഷമായി അടഞ്ഞുകിടക്കുന്ന അത്തോളി നാളികേര ഫെഡറേഷന്റെ കീഴിലുള്ള കൊപ്ര യൂണിറ്റ് നഷ്ടം വരുത്തിയതാർക്കാണ്? ഈ ചോദ്യവും വാദ പ്രതിവാദങ്ങളുമായി ചൂടേറിയ ചർച്ചയ്ക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയ വേദിയായത്.


നാളികേര വികസന ബോർഡിന്റെ സഹായത്തോടെ 2016ൽ ആരംഭിച്ച കൊപ്ര ഉണക്കൽ യൂണിറ്റാണ് ഇപ്പോഴും അടഞ്ഞു കിടക്കുന്നത്. ഒരു വർഷം മാത്രമായിരുന്നു യൂണിറ്റ് പ്രവർത്തിച്ചത്. ഗുണനിലവാരം കുറഞ്ഞ തേങ്ങയും മാർക്കറ്റിലെ മത്സരവും കൊണ്ടാണ് യൂണിറ്റിലേക്ക് ആവശ്യമായ നാളികേരം സംഭരിക്കാൻ കഴിയാതെ വന്നത്. മെല്ലെ മെല്ലെ യൂണിറ്റ് അടച്ച് പൂട്ടുകയായിരുന്നു. കർഷകരിൽ നിന്നും പണം സമാഹരിച്ചാണ് കമ്പനി തുടങ്ങിയതെന്നും കർഷകർക്ക് നഷ്ടമുണ്ടായതായും സോഷ്യൽ മീഡിയയിലൂടെ ഈ കൊപ്ര യൂണിറ്റിനെതിരെ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അത്തോളി നാളികേര ഫെഡറേഷന്റെ പ്രസിഡന്റ് മേപ്പള്ളി മുഹമ്മദലി അത്തോളി ന്യൂസ് നോട്‌ പറഞ്ഞു. ഡയറക്ടർമാരായ ഏഴ് പേർ ജില്ലാ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് ആരംഭിച്ചതായിരുന്നു യൂണിറ്റ്. എന്നാൽ ഒരു വർഷത്തെ പ്രവർത്തനം നഷ്ടത്തിലായതോടെയാണ് യൂണിറ്റ് അടച്ചു പൂട്ടേണ്ടി വന്നത്. പൂട്ടിയതോടെ വായ്പ്പാ തുക ഡയറക്ടർമാർ വ്യക്തിഗതമായി അടച്ചു ബാധ്യത തീർത്തു .

news image

നാളികേര വികസന ബോർഡിൽ നിന്നും സാങ്കേതിക സഹായവും പരിശീലനവുമല്ലാതെ യാതൊരുവിധ സാമ്പത്തിക സഹായങ്ങളും ലഭിച്ചിരുന്നില്ലന്നും അദ്ദേഹം വ്യക്തമാക്കി . നിലവിലുള്ള കെട്ടിടവും ഡ്രയർ യൂണിറ്റും വേണമെങ്കിൽ നന്നാക്കി ഉപയോഗിക്കാവുന്ന തരത്തിൽ അവിടെ തന്നെയുണ്ട്. വർഷം തോറും പഞ്ചായത്തിലേക്കുള്ള കെട്ടിട ഫീ അടച്ചുകൊണ്ടാണ് സ്ഥാപനം അവിടെ നിലനിർത്തിയതെന്നും സ്ഥാപനം വീണ്ടും തുറക്കുന്നതിനെ കുറിച്ചും ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ യൂണിറ്റിനുവേണ്ടി കർഷകരിൽ നിന്നും ഷെയർ പിരിച്ചു എന്നുള്ള വാദവും മുഹമ്മദലി തള്ളിക്കളഞ്ഞു. കർഷകരിൽ നിന്നും സമാഹരിച്ച ഷെയർ പേരാമ്പ്ര കോക്കനട്ട് പ്രൊഡ്യൂസർ കമ്പനിക്ക് വേണ്ടിയായിരുന്നു. ഈ കമ്പനി ഇപ്പോഴും വെളിച്ചെണ്ണ ഉത്പാദനം നടത്തി വരുന്നുണ്ട്. എന്നാൽ അന്ന് പദ്ധതിയിട്ട നീര ഉത്പാദനം ഈ കമ്പനിയിൽ ഇനിയും ആരംഭിച്ചിട്ടില്ല.

നീര ഉത്പാദനം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു സംസ്ഥാന സർക്കാർ നാളികേര കർഷകരുടെ ക്ലസ്റ്ററുകളും ഫെഡറേഷനുകളും കമ്പനികളും രൂപീകരിക്കാൻ പദ്ധതി തുടങ്ങിയത്. ഇതനുസരിച്ചായിരുന്നു അത്തോളി ഫെഡറേഷനും നിലവിൽ വന്നത്. ഒന്നാംഘട്ടത്തിൽ തോരായി പ്രദേശത്ത് തെങ്ങിൽ നിന്നും നീര ചെത്തി കോഴിക്കോട് കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി മുഖേന വിപണനവും നടത്തിയിരുന്നുവെങ്കിലും പിന്നീടതും നിലച്ചു. യുപിഎ സർക്കാറിന്റെ കാലത്തായിരുന്നു നാളികേര വികസന ബോർഡിലൂടെ വിവിധ പദ്ധതികൾ നടപ്പിലാക്കിയത്. പിന്നീട് കേന്ദ്രസർക്കാറിന്റെ പിന്തുണ ഇല്ലാതായതോടെ നാളികേര മേഖലയിലെ ക്ലസ്റ്ററുകളും ഫെഡറേഷനുകളും കമ്പനികളുമെല്ലാം തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഒട്ടേറെ നാളികേര കർഷകരുള്ള അത്തോളിയിൽ ഈ നാളികേര സ്ഥാപനം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആഗ്രഹം. കുന്നത്തറയ്ക്ക് സംഭവിച്ചത് ആവർത്തിക്കാതിരിക്കട്ടെ എന്നാണ് പൊതു ജനത്തിന്റെ പ്രാർഥന.

Recent News