സംസ്ഥാന തല ഫോട്ടോഗ്രാഫി മത്സരം : അംഗീകാരത്തിൻ്റെ തിളക്കത്തിൽ
വിനോദ് അത്തോളി
അത്തോളി: പാലക്കാട് ജില്ലാ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ നടത്തിയ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിൽ വിനോദ് അത്തോളിക്ക് പ്രോത്സാഹന സമ്മാനം. 'ബ്യൂട്ടി ഓഫ് കേരള' വിഷയത്തിൽ അത്തോളി കുനിയിൽ കടവിൽ നിന്നും പകർത്തിയ സന്ധ്യാനേരത്തിൻ്റെ ഗ്രാമഭംഗിയുടെ ചിത്രമാണ് വിനോദ് അയച്ചിരുന്നത്.
260 ചിത്രങ്ങളിൽ നിന്നും വിനോദിന്റെ ഫോട്ടോ തിരഞ്ഞെടുത്തു.നാടിന്റെ ഗ്രാമഭംഗി പകർത്തി അയച്ച് 'ബ്യൂട്ടി ഓഫ് കേരള'യിൽ സ്വന്തം നാടിനും ഇടം നേടാൻ സാധിച്ചതിൽ നിമിത്തമായതിന്റെ ആഹ്ളാത്തിലാണ് വിനോദ്. കഴിഞ്ഞ മാസം ചാലക്കുടി പ്രസ് ക്ലബ്ബ് 'കൃഷിയിടത്തിലെ കർഷകൻ'വിഷയത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലും വിനോദ് സമ്മാനം നേടിയിരുന്നു. നേരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ സിന്റെ സഹകരണത്തോടെ ഇൻഡസ്ക്രോൾസ് 'ആഘോഷം' വിഷയത്തിൽ നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിലും അവാർഡ് വിനോദിന് ലഭിച്ചിരുന്നു. മലപ്പുറത്തു നിന്നും പകർത്തിയ കാളപൂട്ട് മത്സരത്തിൻ്റെ ചിത്രമാണ് വിനോദ് അന്ന് അയച്ചിരുന്നത്. 10,358 പേർ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു. നേരത്തെയും ഫോട്ടോഗ്രാഫിയിൽ ഒട്ടേറെ ദേശീയ, അന്തർദേശിയ പുരസ്‌കാരങ്ങൾ വിനോദിനെ തേടിയെത്തിയിട്ടുണ്ട്. കേരള ലളിത കലാ അക്കാദമി 2020,21 ഫോട്ടോഗ്രാഫി, കാർട്ടൂൺ ഏകാംഗ പ്രദർശനത്തിനുള്ള കലാ കൃത്തായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് വിനോദ് 'ദി സോൾ ' എന്ന പേരിൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. അത്തോളി കുനിയേൽ പരേതനായ ഗോപി ആശാരിയുടെയും ലീല യുടെയും മകനായ വിനോദ് 'വിനോദ് അത്തോളി ഫോട്ടോഗ്രാഫി' മിയ സ്റ്റുഡിയോ എന്ന പേരിൽ അത്തോളിയിൽ സ്വന്തമായി സ്ഥാപനം നടത്തുന്നുണ്ട്.
ചിത്രം: ഫോട്ടോഗ്രാഫർ വിനോദ് അത്തോളി