അത്തോളി കോളിയോട്ട് താഴം റോഡരികിൽ 3 ആഴ്ചയായി
കാർ നിർത്തിയിട്ട നിലയിൽ ; നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി
ആവണി എ എസ്
അത്തോളി : കോളിയോട്ട് താഴം ബസ് സ്റ്റോപ്പിന് സമീപം റോഡരികിൽ 3 ആഴ്ചയായി കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. 3 ആഴ്ചയായി വാഹനം ഇവിടെ പാർക്ക് ചെയ്തിരിക്കുന്നതായി പരിസരവാസിയായ രഞ്ജിത്ത് നന്ദനം അത്തോളി ന്യൂസിനോട് പറഞ്ഞു.
റോഡരികെ വാഹനം അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് നിയമ ലംഘനമാണ് , പ്രത്യേകിച്ച് പാവങ്ങാട് - ഉള്ളിയേരി റോഡിൽ പലയിടത്തും വീതി കുറവാണുള്ളത്. ഇവിടെ പാർക്ക് ചെയ്ത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്.
കഴിഞ്ഞ ഒരുമാസം മുൻപ് രണ്ട് ബസുകൾ കൂട്ടിയിടിച്ചതും ഓട്ടോയിടിച്ച് ഒരു സ്ത്രീക്ക് ദാരുണ അന്ത്യം സംഭവിച്ചതും ഇതേ സ്ഥലത്ത് വെച്ചാണ് . അപകട മേഖലയിൽ ദിവസങ്ങളായി വാഹനം പാർക്ക് ചെയ്തതിനെ തുടർന്ന് നാട്ടുകാർ മോട്ടോർ വാഹന വകുപ്പിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.