കേരളത്തിലെ ആദ്യത്തെ തീരദേശ വിനോദ സഞ്ചാര യാത്ര കപ്പൽ
'ഒഡീസി ക്രൂയിസ് ' സർവീസിനൊരുങ്ങി
കോഴിക്കോട് :കേരളത്തിലെ ആദ്യത്തെ തീരദേശ വിനോദ സഞ്ചാര യാത്ര കപ്പൽ 'ഒഡീസി ക്രൂയിസ് ' സർവീസിനൊരുങ്ങി.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ് എസ് ആർ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് , കേരള മാരിടൈം ബോർഡും ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായും സഹകരിച്ചാണ് കേരളത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ബോബി ചെമ്മണ്ണൂർ ഗ്രൂപ്പുമായി ധാരണയായതായി ഇന്നലെ താജ് ഹോട്ടലിൽ നടത്തിയ കപ്പൽ യാത്ര സംബന്ധിച്ച വിശദീകരണ യോഗത്തിൽ എസ് എസ് ആർ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് ഒഡീസി ക്രൂയിസ് സ്ഥാപകൻ സഞ്ജീവ് അഗർവാൾ അറിയിച്ചു.
ബേപ്പൂർ , പൊന്നാനി, കൊച്ചി, കൊല്ലം , വിഴിഞ്ഞം തുറമുഖം എന്നിവ ബന്ധിപ്പിച്ചാണ് സർവീസ് . ആഡംബര യാത്ര പകലും രാത്രിയും ഒരുക്കും.
അടുത്ത മാസം സർവീസ് ആരംഭിക്കാനാണ് തീരുമാനം.
പദ്ധതിയുമായി സഹകരിക്കുന്നതിൽ സന്തോഷമെന്ന് കേരള മാരിടൈം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് പറഞ്ഞു.
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതിയ മാറ്റത്തിന് തുടക്കം കുറിക്കുന്ന ഒഡീസി ക്രൂയിസുമായി സഹകരിക്കുന്നതിൽ അഭിമാനമെന്ന് ചെമ്മണ്ണൂർ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂർ പറഞ്ഞു.
18 താമസ മുറികൾക്കൊപ്പം ബാർ , തിയ്യറ്റർ, റസ്റ്റോറന്റ് എന്നീ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
300 പേർക്ക് സഞ്ചരിക്കാം.
കല്യാണം, പ്രീ മേരേജ് പാർട്ടി , കോർപ്പറേറ്റ് ഈവന്റ് എന്നിവ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക പാക്കേജ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഓൺ ലൈൻ അഡ്രസ് : www.odysseycruise.com. ൽ ബന്ധപ്പെടാവുന്നതാണ്.
യോഗത്തിൽ കേരള മാരിടൈം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിൻ പ്രതാപ് ,
എസ് എസ് ആർ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് ഒഡീസി ക്രൂയിസ് സ്ഥാപകൻ സഞ്ജീവ് അഗർവാൾ, ബോബി ചെമ്മണ്ണൂർ, ഓപ്പറേഷണൽ മാനേജർ റോഷൻ ഒലിവേറ,എസ് എസ് ആർ മറൈൻ പോർട്സ് ആന്റ് ഈവന്റ്സ് കേരള കോർഡിനേറ്റർ - ടി പി എം ഹാഷിർ അലി, മലബാർ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം പി എം മുബഷീർ, മലബാർ ഡെവലപ്പ്മെന്റ് ഫോറം കെ എം ബഷീർ, കാലിക്കറ്റ് ചേംബർ പോർട്ട് കമ്മറ്റി സെക്രട്ടറി ക്യാപ്റ്റൻ ഹരിദാസ് , പ്രസ് ക്ലബ് പ്രസിഡന്റ് എം ഫിറോസ് ഖാൻ , മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പടിക്കൽ , ഗ്രേറ്റ് മലബാർ ഇനീഷിയേറ്റീവ് ടൂറിസം ഇൻ ചാർജ്ജ് റോഷൻ കൈനടി, കാലിക്കറ്റ് ചേംബർ നിയുക്ത പ്രസിഡന്റ് - വിനീഷ് വിദ്യാധരൻ, നിയുക്ത സെക്രട്ടറി സിറാജുദ്ദീൻ
ഇല്ലത്തൊടി എന്നിവർ സംസാരിച്ചു.