നിക്ഷേപ തുക നൽകിയില്ലെന്ന്' സഹകരണ സൊസൈറ്റിക്കെതിരെ കുടുംബശ്രീയുടെ പരാതി ; പ്രതിഷേധമായതോടെ തുക തിങ്കളാഴ്ച നൽകുമെന്ന് സൊസൈറ്റി പ്രസിഡൻ്റിൻ്റെ ഉറപ്പ്
സ്വന്തം ലേഖകൻ
അത്തോളി : നിക്ഷേപ തുക നൽകിയില്ലെന്ന്' അത്തോളി വനിത സഹകരണ സൊസൈറ്റിക്കെതിരെ കുടുംബശ്രീ അംഗങ്ങളുടെ പരാതി . സൊസൈറ്റിക്കെതിരെ ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ജാസ്മിൻ , അനശ്വര കുടുംബശ്രീ അംഗങ്ങളാണ് അത്തോളി പോലീസിൽ പരാതി നൽകിയത്. ഇവരോടൊപ്പം 7 ആം വാർഡിലെ കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ പിന്തുണയുമായി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
ഇവർ ആദ്യം സി ഡി എസ് ചെയർപേഴ്സൺ വിജില സന്തോഷിനാണ് പരാതി നൽകിയത്.
അംഗങ്ങളിൽ നിന്നും 20- 30 രൂപ പിരിച്ചെടുത്ത് സൊസൈറ്റിയിൽ ഇൻ്റേണൽ നിക്ഷേപമായി നൽകിയ തുകയിൽ നിന്നും 50,000 രൂപ പിൻവലിക്കാൻ നടത്തിയ ശ്രമം രണ്ടാഴ്ചയായി കുടുംബശ്രീ അംഗങ്ങൾ തുടരുകയായിരുന്നു. ഓഫീസിൽ കയറി ഇറങ്ങൽ പതിവ്. എന്നാൽ പരിഹാരം ഉണ്ടായില്ലന്നാണ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്.
ആഗസ്റ്റ് 23 ന് നിക്ഷേപകരായ
കുടുംബശ്രീ അംഗങ്ങളുമായി സൊസൈറ്റി ചർച്ച നടത്തിയിരുന്നു . തുക 29 ന് നൽകുമെന്ന് സെക്രട്ടറി ഉറപ്പ് നൽകി . ഒടുവിൽ ചെക്കും നൽകി. ചെക്കുമായി കേരള ബാങ്കിൽ എത്തിയപ്പോൾ അക്കൗണ്ടിൽ പണം ഇല്ലന്ന് മറുപടിയാണ് ബാങ്കിൽ നിന്നും ലഭിച്ചത്. വിവരം അന്വേഷിച്ചപോൾ സൊസൈറ്റി കൃത്യമായ മറുപടി നൽകിയതുമില്ല.
ഇതിനിടെ ഇന്ന് (31 ന്) രാവിലെ വീട്ടിൽ എത്തിക്കുമെന്ന് അറിയിച്ചു. എന്നാൽ അതുണ്ടായില്ല. ഉച്ചക്ക് 12 മണിക്ക് ക്യാഷ് ക്രെഡിറ്റാകുമെന്ന് വാർഡ് മെമ്പർ സുനീഷ് നടുവിലയിൽ രണ്ട് കുടുംബശ്രീ അംഗങ്ങളെയും അറിയിച്ചു. എന്നാൽ ഇതൊന്നും സംഭവിക്കാത്തതിനെ തുടർന്ന് രണ്ട് കുടുംബശ്രീയിലെയും 25 ഓളം അംഗങ്ങൾ സൊസൈറ്റി ഓഫീസിന് സമീപം എത്തി.
അപ്പോഴേക്കും ഓഫീസ് അടച്ചു.അതിനിടെ ഇന്ന് 4 മണിക്കകം തുക ആവശ്യപ്പെട്ടവർക്ക് പേഴ്സണൽ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുമെന്ന് സൊസൈറ്റി സെക്രട്ടറി ഫോണിൽ അറിയിച്ചു. 5 മണി വരെ സൊസൈറ്റി ഓഫീസിന് താഴെ പരാതിക്കാർ കാത്തിരുന്നു. തുക എത്തിയില്ല. ഒടുവിൽ ഇവർ പോലീസിൽ പരാതി നൽകുകയിരുന്നു.
" സഹകരണ മേഖലയുടെ സാമ്പത്തിക പ്രതിസന്ധി ബാങ്കിനെയും ബാധിച്ചു , തുക തിങ്കളാഴ്ച ( സെപ്റ്റംബർ 2 ന് ) രാവിലെ 11 മണിയോടെ നൽകും " സൊസൈറ്റി പ്രസിഡന്റ് ടി കോമളം അത്തോളി ന്യൂസിനോട് പറഞ്ഞു. ഇക്കാര്യം പോലീസ് അറിയിച്ചതായി ജാസ്മിൻ കുടുംബശ്രീ സെക്രട്ടറി എ എസ് അഫ്രീനും അനശ്വര കുടുംബശ്രീ സെക്രട്ടറി
ലിജിനയും അറിയിച്ചു.
ഇവരോടൊപ്പം സി ഡി എസ് ചെയർ പേഴ്സൺ വിജില സന്തോഷും പോലിസ് സ്റ്റേഷനിൽ എത്തിയിരുന്നു. പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ്
കുടുംബശ്രീ അംഗങ്ങൾ.