ബാലുശ്ശേരിയിൽ ടിപ്പർ ലോറി ദേഹത്തിലൂടെ കയറിയിറങ്ങി അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
ബാലുശ്ശേരി : ബാലുശ്ശേരിയിൽ ബൈക്കിൽ ലോറിയിടിച്ച് അപകടം. ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണ അന്ത്യം. തുരുത്തിയാട് സ്വദേശികളായ സജിൻലാൽ, ബിജീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് നിൽക്കുന്നതും കാണാം. അതേ സമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല .
റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം തന്നെ യുവാക്കൾ മരിച്ചു. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. ബാലുശ്ശേരി ഭാഗത്തു നിന്നും കോക്കല്ലൂർ
ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ.