ഗതാഗത വകുപ്പ് മന്ത്രി ഇടപെട്ടു ;ബസ് സമരം പിൻവലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ബസുടമകളുടെ സംഘടനയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന ബസ് പണിമുടക്ക് പിൻവലിച്ചു.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധനവ് സംബന്ധിച്ച് ഈ മാസം 29 ന് വിദ്യാർത്ഥി സംഘടന നേതാക്കളും ബസ് ഉടമ സംഘടന നേതാക്കളും ഗതാഗത സെക്രട്ടറിയുമായി സംയുക്തമായി ചർച്ച നടത്താനും തുടർന്ന് പ്രശ്ന പരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കാമെന്നും ഉറപ്പ് ബസ് ഉടമ സംഘടനകൾക്ക് ലഭിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിൻവലിച്ചത്.പിസിസി ഒരു മാസത്തേക്ക് മാറ്റിവയ്ക്കാനും
,ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകളെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു നിയമപരമായി തടസ്സമില്ലെങ്കിൽ സ്റ്റാറ്റസ് കോ തുടരാനും തീരുമാനിച്ചു. വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തിൽ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളിൽ നിലവിൽ വരുന്ന തരത്തിൽ തീരുമാനം ഉണ്ടാക്കി തരാമെന്നും തീരുമാനമായി.
ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി ഗോപിനാഥൻ, ഗോകുലം ഗോകുൽദാസ്, കെ കെ തോമസ്, ബിബിൻ ആലപ്പാട്,കെ. ബി സുരേഷ് കുമാർ ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.