അത്തോളിയിൽ നീരാടാൻ കൊച്ചു തടാകം !
ചിരട്ടക്കര തോട്ടിലെ വിശേഷം വായിക്കാം
സ്വന്തം ലേഖകൻ
അത്തോളി: കൊടും ചൂടിൽ വെന്തുരുകുമ്പോൾ മനസ്സും ശരീരവും തണുപ്പിക്കാൻ ഇതാ ഇവിടെയിതാ ഒരു കൊച്ചു തണ്ണീർ തടാകം ! അത്തോളി പഞ്ചായത്തിൻറെയും നന്മണ്ട പഞ്ചായത്തിന്റെയും അതിർത്തി പങ്കുവയ്ക്കുന്ന ചിരട്ടക്കര തോട്ടിലെ നയന മനോഹരമായ കാഴ്ചയുള്ള ജലാശയം നിങ്ങളെ മാടിവിളിക്കുന്നത്. കനാൽ വെള്ളം വരുന്നതോടുകൂടി തോട്ടിൽ വെള്ളം നിറഞ്ഞു കവിയും. നല്ല നീരൊഴുക്കുള്ളതിനാൽ തെളിഞ്ഞ ജലാശയം എപ്പോഴും തണുപ്പും കുളിരും തരുന്നു. അതുകൊണ്ട് തന്നെതദ്ദേശീയർ മാത്രമല്ല മറ്റു സ്ഥലങ്ങളിൽ നിന്നുള്ള സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കുളിക്കാനും അലക്കാനും നീന്താനും ഈ ജലാശയത്തിലെത്തുന്നു.ചിലർ മണിക്കൂറുകളോളം ഈ ജലാശയത്തിൽ ചെലവഴിക്കുന്നു. അവധിക്കാലമായതിനാൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാനും ഒട്ടേറെ രക്ഷിതാക്കൾ ഇവിടെ പരിപാടി എത്താറുണ്ട്. അതുകൊണ്ടുതന്നെ ഈ ജലാശയത്തിൽ എപ്പോഴും നല്ല തിരക്കാണ്. ചിരട്ടക്കര തോടിന്റെ ഇരുവശത്തും വൃത്തിയായി കെട്ടിയൊതുക്കിയ പടികൾ ഉള്ളതിനാൽ സുരക്ഷിതമായി ഇവിടെ ഇറങ്ങി കുളിക്കാൻ എല്ലാവർക്കും കഴിയും.