അത്തോളി കൊളക്കാട് കനാൽ പാലം തകർന്നു',  വാഹന യാത്ര ദുരിതത്തിൽ
അത്തോളി കൊളക്കാട് കനാൽ പാലം തകർന്നു', വാഹന യാത്ര ദുരിതത്തിൽ
Atholi News27 Mar5 min

അത്തോളി കൊളക്കാട് കനാൽ പാലം തകർന്നു', വാഹന യാത്ര ദുരിതത്തിൽ



അത്തോളി: കൊളക്കാട് കനാൽ പാലം തകർന്നു ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വലിയ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. കൊളക്കാട് അന്നശ്ശേരി റോഡിൽ അത്തോളി, തലക്കുളത്തൂർ പഞ്ചായത്തുകൾ അതിരിടുന്ന ചെങ്ങോട്ട് ഭാഗത്ത് കുറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കൊടിച്ചിപ്പാറ പാലകുളം കനാലിന് കുറുകെയുള്ള പാലത്തിലാണ് കോൺക്രീറ്റ് സ്ലാബ് തകർന്ന് വൻ ഗർത്തം രൂപപ്പെട്ടത്. ബാക്കിയുള്ള ഭാഗവും തകർന്നു വീഴാവുന്ന അവസ്ഥയിലാണ്.news image ഈ നിർമ്മിതി അപകടാവസ്ഥയിലായതിനാൽ ഇതിലൂടെയുള്ള യാത്ര താൽക്കാലികമായി നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനിയർ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ജലജീവൻ പദ്ധതിക്കായി റോഡ്‌ വെട്ടിപ്പൊളിച്ച് താറുമാറായി കിടക്കുന്നതിന് പുറമെയാണ് ഈ ദുരിതം.പഴക്കം ചെന്ന 

പാലത്തിൻ്റെ ശോച്യവസ്ഥയെ കുറിച്ച് മാധ്യമ വാർത്തകളും നാട്ടുകാരുടെ പരാതികളും ഉയർന്നിട്ടും പുനർനിർമ്മാണ പ്രവൃത്തി വൈകുകയായിരുന്നു. ഈ റോഡിന് സമീപം കുറച്ചകലെയുള്ള കെട്ടിട നിർമ്മാണ വസ്തുക്കൾ സൂക്ഷിച്ചു വിൽപന നടത്തുന്ന സ്ഥലത്തേക്ക് കനത്ത ഭാരം കയറ്റിയ ടോറസ് ലോറികളും പട്ടർ പാലം, എടക്കര, അന്നശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് ക്വാറികളിൽ നിന്നും കരിങ്കല്ല് കയറ്റിയ ലോറികളും ഇതുവഴി നിരന്തരം കടന്നു പോകുന്നതാണ് പാലം തകരാൻ ആക്കം കൂട്ടിയതെന്നും നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ നിയമത്തിൻ്റെ സാങ്കേതികത്വം പറഞ്ഞാണ് കനത്ത വാഹന ഗതാഗതം ഇതു വഴി നിരന്തരം തുടരുന്നതെന്നും പ്രദേശവാസികളും നാട്ടുകാരും ആരോപിച്ചു. കുറ്റ്യാടി ഇറിഗേഷൻ പ്രൊജക്ട് ഓവർസിയർ ശുഭ സ്ഥലം സന്ദർശിച്ചു. ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് അപകടാവസ്ഥയിലുള്ള പാലം പുനർനിർമ്മിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.


ചിത്രം: അത്തോളി കൊളക്കാട് അന്നശ്ശേരി റോഡിൽ ചെങ്ങോട്ട് ഭാഗത്ത് കനാൽ പാലം തകർന്ന നിലയിൽ

Recent News