യൂത്ത് കോൺഗ്രസ് ഉള്ളിയേരി മുൻ മണ്ഡലം പ്രസിഡൻ്റിനെ പുറത്താക്കിയതിൽ വിവാദം;
അവമതി ഉണ്ടാക്കിയതിനെന്ന്
കോൺഗ്രസ് ; ബി ജെ പി ബന്ധം ചോദ്യം ചെയ്തതിനെന്ന് - ഷമീർ നളന്ദ
സ്വന്തം ലേഖകൻ
ഉള്ളിയേരി : യൂത്ത് കോൺഗ്രസ് ഉള്ളിയേരി മുൻ പ്രസിഡൻ്റ് ഷെമീർ നളന്ദയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് വിവാദം .
സസ്പെൻഷൻ കാലയളവിൽ പാർട്ടി വിരുദ്ധ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതായി ബോധ്യപ്പെട്ടതിൻ്റെയും ഉളളിയേരി ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ പരാതിയുടെയും അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർട്ടിയിൽ നിന്നും 6 വർഷത്തേയ്ക്ക് പുറത്താക്കിയതായി ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ പ്രവീൺ കുമാർ പുറത്തിറക്കിയ കത്തിൽ വിശദമാക്കിയിരുന്നു.
എന്നാൽ മണ്ഡലം പ്രസിഡൻ്റിൻ്റെ ബി ജെ പി ബന്ധം ചോദ്യം ചെയ്തതിനാണ് തന്നെ പുറത്താക്കിയതെന്ന് ഷെമീർ നളന്ദയും വ്യക്തമാക്കിയതോടെ ഉള്ളിയേരിയിലെ കോൺഗ്രസ് പാളയത്തിൽ വിവാദത്തിന് തിരി കൊളുത്തി.
ഉള്ളിയേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിൻ്റെ മകൻ കഴിഞ്ഞ യുത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നു. എന്നാൽ പരാജയമേറ്റു . അന്ന് തുടങ്ങിയ അരിശമാണ് പാർട്ടി നടപടിയിലേക്ക് വഴി വെച്ചതെന്ന് ഷമീർ തയ്യാറാക്കിയ വാട്സ് ആപ്പ് കുറിപ്പിൽ പറയുന്നു.
മഴക്കാല പൂർവ്വ ശുചീകരണം നടത്തിത്തതിനെതിരെയുള്ള യു ഡി എഫ് പ്രതിഷേധത്തെ ഗ്രൂപ്പിൽ വിമർശിച്ചതിനാണ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ പരാതിക്ക് കാരണമായതെന്നും ഷെമീറിൻ്റെ കുറിപ്പിൽ പറയുന്നു.
തനിക്ക് വേണ്ടി ആരും പ്രകടനം നടത്തരുതെന്നും പാർട്ടി നടപടിയെ തുടർന്ന് ഭാവി കാര്യങ്ങൾ ഈ മാസം 30 ന് വ്യക്തമാക്കുമെന്ന് ഷെമീർ നളന്ദ അറിയിച്ചു. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ
യു ഡി എഫ് നേതാക്കളെയും കോൺഗ്രസ് മണ്ഡലം പ്രവർത്തകരെയും സ്ഥിരമായി ആക്ഷേപിക്കുന്ന
ഷെമീർ നളന്ദയുടെ നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലന്നും ജനം തിരിച്ചറിയുമെന്നും മണ്ഡലം പ്രസിഡന്റ് കെ കെ സുരേഷ് പറഞ്ഞു.