അത്തോളിയുടെ നിറം സജീവൻ; നിറക്കൂട്ടുകളുടെയും...
തയ്യാറാക്കിയത്: സുനിൽ കൊളക്കാട്
നിറം മങ്ങിയ ഓർമ്മകളുമായി നിറം സജീവൻ നമുക്കിടയിൽ നിറച്ചാർത്തിൻ്റെ മഴവിൽ കാവടി തീർക്കുകയാണ്. ജലച്ചായത്തിലും ഓയിൽ പെയിന്റിങ്ങിലും ചുമർചിത്രങ്ങളിലും ബോർഡുകളിലും ബാനറുകളിലും സ്മാർട്ട് ക്ലാസ് റൂം ചുമരുകളിലും കാണാവുന്ന സർവ്വസാധാരണമായ പേരാണ് അത്തോളി സ്വദേശിയായ നിറം സജീവന്റേത് . സ്വന്തം ജീവിതത്തിൽ വലിയ വർണ്ണപ്പകിട്ടുകളൊന്നും ഇല്ലാതെ ശാന്തനായി നടന്നു പോകുന്ന ചെറുപ്പക്കാരന്റെ ഉള്ളു നിറയെ വർണ്ണങ്ങളാണ്. ഒട്ടേറെ വ്യക്തിത്വങ്ങളുടെ പോർട്രേറ്റ് ചിത്രങ്ങൾ സജീവൻ തൻ്റെ കരവിരുതിലൂടെ ജീവസുറ്റതാക്കിയിട്ടുണ്ട്.
മറഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമചിത്രങ്ങൾ പോർട്രെയിറ്റായി വരയ്ക്കാൻ ആവശ്യക്കാരേയാണ്.
അത്തോളിയിലെ ഒരുപാട് പഴമക്കാരുടെ ചിത്രങ്ങൾ സജീവൻ ടച്ചു കൊണ്ട് അപരിചിതരെപ്പോഴും വിസ്മയിപ്പിക്കും. ഡിജിറ്റൽ യുഗത്തിലും ശുദ്ധവരയെ സ്നേഹിക്കുന്നവർ പോർട്രെയിറ്റുകൾക്കായി ഇന്നും സജീവനെ തേടിയെത്താറുണ്ടെന്നാണ് സജീവൻ പറയുന്നത്. ഓയിലും ജലച്ചായവുമുപയോഗിച്ചുള്ള സജീവൻ്റെ വർക്കുകൾ കണ്ണിമവെട്ടാതെ നോക്കിപ്പോവും.
1990 ൽ യൂണിവേഴ്സൽ ആർട്സിൻ്റെ സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ നിന്നും ചിത്രകല വിദ്യ അഭ്യസിച്ചു പുറത്തിറങ്ങിയ സജീവൻ അന്നുമുതലേ ബോർഡ്, ബാനർ , ചുവരെഴുത്ത് രംഗത്ത് എഴുത്തും വരയുമായി സജീവമാണ്.
ചിത്രകലാ അധ്യാപകനാവണമെന്നായിരുന്നു മോഹം. അതിനുള്ള പി എസ് സി പരീക്ഷയെഴുതിയെങ്കിലും ആ മോഹത്തിൽ ചായം നിറഞ്ഞില്ല. പിന്നെ പ്രഫഷണലായി നിറം സജീവൻ എന്ന പേരിൽ അത്തോളിയുടെ ബോർഡുകളിൽ സജീവൻ തിളങ്ങി. അതോടൊപ്പം നാടക രംഗത്തും സജീവൻ്റെ സാന്നിധ്യമുണ്ടായി. പി.എം താജിൻ്റെ “കുഞ്ഞിരാമൻ”, “രാവുണ്ണി” എന്നീ നാടകങ്ങളുടെ രംഗ സജ്ജീകരണം നിർവഹിച്ചത് സജീവനായിരുന്നു. അത്തോളിയിൽ നടന്ന സംസ്ഥാന വോളിബാൾ ടൂർണ്ണമെൻ്റിൻ്റേയും വിവിധ സ്കൂൾ കലോത്സവക്കളുടെയും കവാടങ്ങളൊരുക്കിയത് സജീവനായിരുന്നു. സ്കൂളുകൾ സ്മാർട്ടായതോടെ ചുമരിൽ ചിത്രങ്ങളും കാർട്ടുണുകളും വരക്കാൻ സജീവനെ തേടി അധ്യാപകരുമെത്തി. വയനാട് തിരുനെല്ലി ആശ്രമം സ്കൂൾ, കക്കോടി പടിഞ്ഞാറ്റും മുറി ഗവ. യുപി സ്കൂൾ എന്നിവയടക്കം ഒട്ടേറെ സ്കൂളുകൾ, അങ്കണവാടികൾ തുടങ്ങിയവയുടെ ചുമരുകളിലിപ്പഴും സജീവനെ കാണാം.
കാലം ഡിജിറ്റൽ യുഗത്തിലേക്ക് കുതിച്ചപ്പോൾ മറ്റു പല രംഗം പോലെ കലാകാരന്മാരും അതിജീവന ഭീഷണിയിലായി. പക്ഷെ നൂതന വിദ്യകളും സ്വായത്തമാക്കി കാലത്തോടൊപ്പം സജീവനും സഞ്ചരിക്കാൻ പഠിച്ചു. അത്തോളിയിലെ ജനനയന സാംസ്കാരിക വേദി നടത്തിയിരുന്ന ജില്ലാ തല ചിത്രരചനയുടെ മുഖ്യ സംഘാടകൻ കൂടിയായ സജീവൻ സാംസ്കാരിക പ്രവർത്തകൻ കൂടിയാണ്. ഇപ്പോൾ ഗ്രാഫിക് ഡിസൈനിങ്ങിലും സജീവൻ വിദഗ്ദനാണ്.
വേളൂർ ആർകെ നിലയത്തിലാണ് താമസം.
സുമയാണ് ഭാര്യ.