അത്തോളിയിൽ ജീപ്പും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു :ഹെൽമെറ്റ് ധരിച്ചതിനാൽ വൻ അപകടത്തിൽ നിന്നും വിദ്യാർത്ഥികൾ രക്ഷപ്പെട്ടു;
കോളിയോട്ട് താഴം വളവിൽ അപകടം പതിവാകുന്നു!!
ആവണി എ എസ്
അത്തോളി : പാവങ്ങാട് - ഉള്ളിയേരി സംസ്ഥാന പാതയിൽ അത്തോളി കോളിയോട്ട് താഴം വളവിൽ
അപകടം തുടർക്കഥയാകുന്നു.
ഇന്ന് ( ജൂൺ 14 )
വൈകീട്ട് 3.30 ഓടെ നടന്ന അപകടം ഇങ്ങിനെ:
കോഴിക്കോട് നിന്നും ഉള്ളിയേരിക്ക് പോകുന്ന ടാക്സി ജീപ്പും അത്തോളിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സ്കൂട്ടറുമാണ്
കോളിയോട്ട് താഴം വളവിൽ വെച്ച് ഇടിച്ചത് . ഇടിയുടെ ആഘാതത്തിൽ ജീപ്പ് മതിലിൽ ഇടിച്ചു .
സ്ക്കൂട്ടർ ഓടിച്ചിരുന്ന കൊടശ്ശേരി അടുവാട്ട് റോഡ് കുനിയിൽ അഭിഷേക്, തവരക്കാട്ടിൽ കണ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. ജീപ്പിൽ ഉണ്ടായിരുന്ന 4 പേർക്കും നിസാര പരിക്കേറ്റു.
വിദ്യാർത്ഥികളായ അഭിഷേകിൻ്റെയും കണ്ണൻ്റെയും
പരിക്ക് ഗുരുതരമല്ല.
അമിത വേഗതയിലായിരുന്ന ജീപ്പ് , കോളിയോട്ട് താഴം വളവിലെത്തുമ്പോൾ ആശാരിക്കാവ് റോഡിൽ നിന്നും കടന്നു വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടയിലാണ് എതിർ ദിശയിൽ നിന്നെത്തിയ സ്ക്കൂട്ടറിൽ ഇടിച്ചതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന രഞ്ജിത്ത് നന്ദനം അത്തോളി ന്യൂസിനോട് പറഞ്ഞു. ആംബുലൻസ് കിട്ടാൻ ഏറെ പ്രയാസപ്പെട്ടു.
20 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ആംബുലൻസ് എത്തിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ട് പോയത്. അപ്പോൾ തന്നെ അത്തോളി പോലീസ് സ്ഥലത്ത് എത്തിയിരുന്നുവെന്ന് രഞ്ജിത്ത് വിശദീകരിച്ചു.
രണ്ട് പേര് ഹെൽമെറ്റ് ധരിച്ചതിനാലാണ് രക്ഷപ്പെട്ടതെന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച അയൽവാസി ലതീഷ് കൊടശ്ശേരി വിവരിച്ചു.
രണ്ട് പേർക്കും കൈക്കും കാലിനുമാണ് പരിക്ക്.
............... …....
ഒരു മാസത്തിനിടയിലുണ്ടാവുന്ന രണ്ടാമത്തെ അപകടമാണിത്. അന്ന് കാറും ഓട്ടയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഓട്ടോ പളളിയുടെ മതിലിൽ ഇടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റായിരുന്നു പന്തീരാങ്കാവ് സ്വദേശിനിക്ക് ദാരുണാന്ത്യം സംഭവിച്ചത്. പള്ളിക്ക് മുൻപിലുള്ള ഇലക്ട്രിക്ക് പോസ്റ്റിൽ വാഹനം ഇടിച്ച് പോസ്റ്റ് തകരുകയും വാഹനങ്ങൾ മറിയുകയും ഇവിടെ പതിവാണ്. പള്ളിക്ക് മുൻപിലെ റോഡിന് കിഴക്ക് വശത്തുള്ള മരം റോഡിലേക്ക് ചെരിഞ്ഞാണ് കിടക്കുന്നത്.
വലിയ വാഹനങ്ങൾ മുകൾ ഭാഗം മരത്തിൽ തട്ടാതിരിക്കാൻ റോഡിന് മദ്ധ്യഭാഗത്തേക്ക് വാഹനം എടുക്കും. അതേ സമയം എതിർ വശത്ത് നിന്നും വാഹനങ്ങളുമായി ഇടിക്കാൻ സാധ്യത കൂടുതലാണ്. ഇത് ഒഴിവാക്കാൻ പോസ്റ്റിൽ വാഹനം കൊണ്ട് ഇടിക്കും. ഇവിടെ അപകടം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന്
രഞ്ജിത്ത് നന്ദനം അത്തോളി ന്യൂസിനോട് പറഞ്ഞു.